മൂന്നാമതും മോദിയുടെ കാലുപിടിക്കാനൊരുങ്ങി നിതീഷ് കുമാര്‍; ബിഹാര്‍ മുഖ്യമന്ത്രിയെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഹസ്തദാനം നല്‍കി മോദി; വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍

ചടങ്ങില്‍ നിതീഷ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Update: 2024-11-13 11:17 GMT

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലു തൊട്ട് വന്ദിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ദര്‍ഭംഗയില്‍ നടന്ന ഒരു പരിപാടിക്കിടയിലാണ് 74കാരനായ പ്രധാനമന്ത്രിയുടെ കാലില്‍ തൊട്ടുവണങ്ങാന്‍ 73 കാരനായ നീതീഷ് ശ്രമിച്ചത്.

പ്രധാനമന്ത്രി മോദിയുടെ അടുത്തേക്ക് കൂപ്പുകൈകളോടെ നടന്നെത്തുന്ന നിതീഷ് കാലില്‍ തൊടാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. എന്നാല്‍ പെട്ടന്ന് തന്നെ മോദി അദ്ദേഹത്തെ തടയുകയും ഹസ്തദാനം നല്‍കുകയുമായിരുന്നു. പൊതുപരിപാടിക്കിടെയാണ് വേദിയിലിരുന്നവരെ അതിശയിപ്പിക്കും വിധം അദ്ദേഹം പ്രധാനമന്ത്രിയോടുളള ആദരവ് പ്രകടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

73 വയസുളള നിതീഷ് കുമാര്‍ പ്രസംഗത്തിനുശേഷം നടന്നുവന്ന് 74 വയസുളള മോദിയുടെ കാല്‍ തൊട്ട് വന്ദിക്കുകയായിരുന്നു. നിതീഷ് കുമാര്‍ ഇത്തരത്തില്‍ ചെയ്യുന്നത് ആദ്യത്തെ സംഭവമല്ല. വന്ദിക്കാനായി കുനിയുന്ന മുഖ്യമന്ത്രിയെ മോദി പിടിച്ച് എഴുന്നേല്‍പ്പിക്കുന്നതും ഹസ്തദാനം നല്‍കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.

അതിനിടെ പരിപാടിയിലെ തന്നെ മറ്റൊരു വീഡിയോയും വൈറലായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ മോദിയ്ക്ക് മാലയിടുമ്പോള്‍ അദ്ദേഹം നിതീഷ് കുമാറിനെ അരികിലേക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതാണ് വീഡിയോ. ദര്‍ഭംഗയില്‍ എയിംസിന്റെ തറക്കലിടല്‍ ചടങ്ങിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. പരിപാടിയില്‍ വച്ച് 12,100 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കാന്‍ പോകുന്ന നിരവധി പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

ചടങ്ങില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ ഭരണത്തില്‍ നിന്നും ബിഹാറിനെ മോചിപ്പിച്ചതിന് നിതീഷിനെ അദ്ദേഹം അഭിനന്ദിച്ചു.

ബീഹാര്‍ ഇപ്പോള്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും മോദി പറഞ്ഞു. 'മുന്‍വര്‍ഷം ഭരിച്ച സര്‍ക്കാര്‍ ബീഹാറിലെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തിരുന്നില്ല. അവരുടെ വാഗ്ദ്ധാനങ്ങള്‍ കളവായിരുന്നു. പക്ഷെ നിതീഷ് കുമാറിന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സാഹചര്യങ്ങള്‍ മാറിമറിഞ്ഞു'- അദ്ദേഹം വ്യക്തമാക്കി.

ജൂണില്‍ സമാനമായ സംഭവം നടന്നിരുന്നു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വച്ച് നിതീഷ് കുമാര്‍ മോദിയുടെ കാല്‍പാദത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതും ശ്രദ്ധേയമായിരുന്നു. അതുപോലെ ഏപ്രില്‍ നവാഡയില്‍ വച്ച് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിക്കിടയിലും അദ്ദേഹം മോദിയുടെ അനുഗ്രഹം തേടിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് ഭരണം നിലനിര്‍ത്താന്‍ നിതീഷ് യാദവിന്റെ ജെഡിയുവിന്റെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും പിന്തുണ ആവശ്യമായിരുന്നു.

Tags:    

Similar News