വോട്ടെടുപ്പിനു പിന്നാലെ മഹാവികാസ് അഘാഡിയില്‍ ഭിന്നത; മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് -ശിവസേന പോര്; നാനാ പട്ടോളയ്ക്ക് മറുപടിയുമായി സഞ്ജയ് റാവത്ത്
മഹാവികാസ് അഘാഡിയില്‍ ഭിന്നത
മുംബൈ: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന എക്‌സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് സംസ്ഥാനത്ത് മഹായുതി സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നാണ്. പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി സഖ്യത്തിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെങ്കിലും അത് കേവല ഭൂരിപക്ഷത്തിലേക്ക് എത്തില്ലെന്നും സര്‍വ്വെ പറയുന്നു. എന്നാല്‍ ഇത്തരം എക്‌സിറ്റ് പോളുകളെല്ലാം തള്ളുന്ന സഖ്യം സംസ്ഥാനത്ത് വിജയം ഉറപ്പാണെന്നാണ് അവകാശപ്പെടുന്നത്. ഒരുപടി കൂടി കടന്ന് സംസ്ഥാനത്ത് ആര് മുഖ്യമന്ത്രിയാകും എന്നത് സംബന്ധിച്ച് സഖ്യത്തില്‍ തര്‍ക്കത്തിന് ഇടയാക്കിയിട്ടുണ്ട്.
എക്‌സിറ്റ് പോള്‍ പ്രവചനം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോലെയും ശിവസേന (ഉദ്ധവ് താക്കറെ) എം.പി സഞ്ജയ് റാവത്തും വ്യത്യസ്ത അഭിപ്രായവുമായി രംഗത്തുവന്നതോടെയാണ് ഭിന്നതയുണ്ടെന്ന അഭ്യൂഹം ശക്തമായത്. എക്‌സിറ്റ് പോളിനെ തള്ളിയ ഇരു കക്ഷികളും മഹാവികാസ് അഘാഡി (എം.വി.എ) സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി കസേരയെ ചൊല്ലി ഇരുവരും വാക്‌പോരിലെത്തി.
എം വി എ സഖ്യകക്ഷികളായ കോണ്‍ഗ്രസിനും ശിവസേനക്കും ഇടയിലാണ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഇരു സഖ്യകക്ഷികളും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചപ്പോള്‍, സര്‍ക്കാര്‍ രൂപീകരണത്തില്‍ 'കോണ്‍ഗ്രസ് നേതൃത്വം' വഹിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളയുടെ പ്രസ്താവനയാണ് തര്‍ക്കത്തിനിടയാക്കിയത്. നാനാ പട്ടോളയ്ക്ക് ശക്തമായ ഭാഷയില്‍ മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് എംപി രംഗത്ത് വന്നു.
'ബി ജെ പിയുടെ നേതൃത്വത്തിലുള്ള മഹായുതിക്ക് ഭൂരിപക്ഷം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഫലിക്കാന്‍ പോകുന്നില്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാ വികാസ് അഘാഡി (എം വി എ) സര്‍ക്കാര്‍ രൂപീകരിക്കും' എന്നായിരുന്നു നാനാ പട്ടോളയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ മറുപടിയും ഉണ്ടാവുന്നത്. 'ഞാന്‍ ഇത് അംഗീകരിക്കില്ല, മറ്റാരും ഇത് അംഗീകരിക്കില്ല. ഇങ്ങനെ പറയാന്‍ നാനാ പട്ടോളയ്ക്ക് കോണ്‍ഗ്രസ് അനുമതി കൊടുത്തോ എന്ന് അറിയില്ല. എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഒരുമിച്ച് ഇരുന്ന് തീരുമാനിക്കും' റാവത്ത് പറഞ്ഞു.
ഇക്കാര്യം സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും വിശദീകരണങ്ങള്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് മുഖ്യമന്ത്രിയാകണമെങ്കില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സോണിയ ഗാന്ധിയും പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ശിവസേന നേതാവ് കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് വിഭജനത്തെച്ചൊല്ലിയും പാര്‍ട്ടികള്‍ വലിയ തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. വിപുലമായ ചര്‍ച്ചകള്‍ക്കുശേഷം ഇത് സംബന്ധിച്ച ധാരണയിലെത്തിയെങ്കിലും വിജയിക്കുകയാണെങ്കില്‍ അടുത്ത സര്‍ക്കാറിന് ആര് നേതൃത്വം നല്‍കുമെന്ന കാര്യത്തില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. ഇതാണ് പുതിയ തര്‍ക്കങ്ങളിലേക്ക് നയിച്ചത്.