കേന്ദ്രമന്ത്രി സ്ഥാനത്തിനൊപ്പം സുപ്രധാന വകുപ്പുകള്‍ക്കായി ഷിന്‍ഡെയുടെ സമ്മര്‍ദം; ഉപമുഖ്യമന്ത്രി പദവും ധനകാര്യവകുപ്പും വേണമെന്ന് അജിത് പവാര്‍; മഹായുതി നേതാക്കള്‍ ഡല്‍ഹിയില്‍; അമിത് ഷായുമായി നിര്‍ണായക കൂടിക്കാഴ്ച
മഹായുതി നേതാക്കള്‍ ഡല്‍ഹിയില്‍; അമിത് ഷായുമായി കൂടിക്കാഴ്ച
ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരണത്തിനായി മഹായുതി നേതാക്കള്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചയില്‍. ദേവേന്ദ്ര ഫഡ്നവിസും ഏക്നാഥ് ഷിന്‍ഡെയും അജിത് പവാറും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്കുതന്നെ ആയിരിക്കുമെന്നതില്‍ ധാരണ ആയെങ്കിലും സുപ്രധാന വകുപ്പുകള്‍ക്കായി ഷിന്‍ഡെ വിഭാഗം അവകാശവാദം ഉന്നയിക്കുന്നതാണ് പ്രതിസന്ധി. അതേ സമയം ഉപമുഖ്യമന്ത്രി പദവും ധനകാര്യവകുപ്പും വേണമെന്നാണ് അജിത് പവാറിന്റെ നിലപാട്.
ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയും ഏക്നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയുമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രധാനവകുപ്പുകള്‍ക്കായി ഷിന്‍ഡെ സമ്മര്‍ദം ചെലുത്തുന്നതായാണ് വിവരം. അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കുന്നതില്‍ ചര്‍ച്ച തുടരുകയാണ്. അര്‍ബന്‍ ഡെവലപ്മെന്റ്- മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ വകുപ്പുകള്‍ ഷിന്‍ഡെ ആവശ്യപ്പെട്ടേക്കും. ഇത് അദ്ദേഹം തന്നെയാവും കൈകാര്യം ചെയ്യുക.
റവന്യൂ, കൃഷി, ആരോഗ്യം, ഗ്രാമവികസനം, വ്യവസായം, സാമൂഹികനീതി വകുപ്പുകളും ഷിന്‍ഡെ ആവശ്യപ്പെട്ടേക്കും. കേന്ദ്രത്തില്‍ ഒരു ക്യാബിനറ്റ് റാങ്കുള്ള മന്ത്രിപദവിയും സഹമന്ത്രിസ്ഥാനവും ഷിന്‍ഡെ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
അതേ സമയം ധനവകുപ്പും പ്ലാനിങ് വകുപ്പും വിട്ടുകൊടുക്കുന്നതില്‍ ബി.ജെ.പിക്ക് താത്പര്യക്കുറവുണ്ട്. കൃഷി, ഭക്ഷ്യ- സിവില്‍ സപ്ലൈസ്, വനിതാ- ശിശുക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, കായികം, ഗ്രാമവികസനം, സഹകരണവകുപ്പുകളിലും അജിത്തിന് കണ്ണുണ്ട്.
ആഭ്യന്തരം, പാര്‍പ്പിടം, നഗരവികസനം, ധനകാര്യം, ജലസേചനം, ഊര്‍ജം, പൊതുമരാമത്ത്, പരിസ്ഥിതി, ടൂറിസം, പാര്‍ലമെന്ററികാര്യം, നൈപുണി വികസനം, പൊതുഭരണം എന്നീ വകുപ്പുകള്‍ കൈവിട്ടുകൊടുക്കില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്.
43 അംഗമന്ത്രിസഭയില്‍ 50:30:20 ഫോര്‍മുലയായിരിക്കും വകുപ്പ് വിഭജനത്തിന് കൈക്കൊള്ളുകയെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ബി.ജെ.പിക്ക് 22 വരെ മന്ത്രിമാരേയും ശിവസേനയ്ക്ക് 10 മുതല്‍ 12 വരേയും, എന്‍.സി.പിക്ക് എട്ടുമുതല്‍ ഒമ്പതുവരെ മന്ത്രിമാരേയും ലഭിച്ചേക്കും.
അതേ സമയം ദയനീയ തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സഖ്യം വിടാനും സ്വതന്ത്രമായി നില്‍ക്കാനും പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെക്ക് മേല്‍ നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ജയിച്ച 20 നിയുക്ത എംഎല്‍എമാരില്‍ ഭൂരിഭാഗവും ഇക്കാര്യം ആവശ്യപ്പെട്ടതായി ദി ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഇവരുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന താഴെതട്ടില്‍ നടത്തിയ പ്രകടനം ഉദ്ധവ് വിഭാഗത്തെ അപ്രസക്തമാക്കിയെന്നും ഇങ്ങനെ പോയാല്‍ വന്‍ ക്ഷീണം സംഭവിക്കുമെന്നും പ്രാദേശിക നേതാക്കള്‍ മുകളിലുള്ളവരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം സഖ്യം വിട്ടുപോകുന്നതിനോട് ഉദ്ധവ് താക്കറെക്കോ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്തിനോ യുവനേതാവും പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവുമായ ആദിത്യ താക്കറെക്കോ താല്‍പര്യമില്ല. ബിജെപിക്കെതിരെയുള്ളൊരു സംയുക്ത പ്രതിപക്ഷ സഖ്യം എന്ന നിലയില്‍ മഹാവികാസ് അഘാഡിയെ കൊണ്ടുപോകാനാണ് ഇവര്‍ താത്പര്യപ്പെടുന്നത്.
ഉദ്ധവ് വിഭാഗം ശിവസേന സ്വതന്ത്ര പാത സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദന്‍വെ പറഞ്ഞു. '' ഒരു സഖ്യത്തെയും ആശ്രയിക്കാതെ സ്വന്തമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സമയമായെന്ന് പല എംഎല്‍എമാരും കരുതുന്നുണ്ട്. ശിവസേന ഒരിക്കലും അധികാരത്തെ പിന്തുടരുന്നവരല്ല. നമ്മുടെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ അധികാരം സ്വാഭാവികമായും വരുംമെന്നും ഉദ്ധവ് വിഭാഗം ശിവസേന നേതാവ് കൂടിയായ അംബാദാസ് ദന്‍വെ പറഞ്ഞു. സ്വതന്ത്രമായി നിന്നാല്‍ പാര്‍ട്ടി കൂടുതല്‍ കരുത്ത് നേടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.