'മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തിന് പിന്നാലെ വിയറ്റ്‌നാമിലേക്ക് പറന്നു; ദുഃഖാചരണത്തിനിടെ പുതുവര്‍ഷം ആഘോഷം'; രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി; 'ടേക്ക് ഡൈവേര്‍ഷന്‍ പൊളിറ്റിക്‌സെ'ന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടെ വിയറ്റ്‌നാം യാത്ര വിവാദത്തില്‍

Update: 2024-12-30 13:34 GMT

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ വിയറ്റ്‌നാം യാത്രയില്‍ വിമര്‍ശനങ്ങളുമായി ബിജെപി. പുതുവര്‍ഷ ആഘോഷത്തിനായി രാഹുല്‍ ഗാന്ധി വിയറ്റ്‌നാമിലേക്ക് യാത്ര തിരിച്ചതാണ് ബിജെപി ആയുധമാക്കുന്നത്. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്സ് പോസ്റ്റിലൂടെയാണ് വിവാദത്തിന് തിരികൊളുത്തിയത്.

'മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പുതുവര്‍ഷം ആഘോഷിക്കാന്‍ വിയറ്റ്‌നാമിലേക്ക് പറന്നു' എന്നായിരുന്നു അമിത് മാളവ്യ എക്സില്‍ കുറിച്ചത്. ഗാന്ധിമാരും കോണ്‍ഗ്രസും സിഖുകാരെ വെറുക്കുന്നു. ഇന്ദിരാഗാന്ധി ദര്‍ബാര്‍ സാഹിബിനെ അവഹേളിച്ച കാര്യം മറക്കരുതെന്നും അമിത് മാളവ്യ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത്, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ദുഃഖാചരണം നടക്കുന്നതിനിടെ രാഹുല്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ വിയറ്റ്‌നാമിലേക്ക് പറന്നുവെന്നും ഇത് മന്‍മോഹന്‍ സിങ്ങിനെ അവമതിക്കുന്നതിന് തുല്യമാണന്നും ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു. എന്നാല്‍ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും രാഹുലിന്റേത് വ്യക്തിപരമായ യാത്രയാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

1984 ജൂണില്‍ ഇന്ത്യന്‍ സേന സുവര്‍ണക്ഷേത്രത്തില്‍ നടത്തിയ സൈനിക നടപടിയായ 'ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍' ഉയര്‍ത്തികാട്ടിയായിരുന്നു ബിജെപിയുടെ ആരോപണങ്ങള്‍. എന്നാല്‍, മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാര സംസ്‌കാര ചടങ്ങുകള്‍ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്തതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

ബിജെപി വിഷയം വഴിതിരിച്ചുവിടുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ എക്സില്‍ കുറിച്ചു. ഈ വ്യതിചലന രാഷ്ട്രീയം ബിജെപി എന്നാണ് അവസാനിപ്പിക്കുക? യമുന തീരത്ത് മന്‍മോഹന്‍ സിങ്ങിന്റെ ശവസംസ്‌കാരത്തിന് സ്ഥലം നിഷേധിച്ചതും അദ്ദേഹത്തിന്റെ കുടുംബത്തെ മൂലക്കിരുത്തിയതും ലജ്ജാകരമാണെന്നും മാണിക്കം ടാഗോര്‍ പ്രതികരിച്ചു. 'ടേക്ക് ഡൈവേര്‍ഷന്‍ പൊളിറ്റിക്‌സ്' അവസാനിപ്പിക്കുകയെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ എക്‌സില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധി സ്വകാര്യമായി നടത്തുന്ന യാത്ര ബിജെപിയെ എങ്ങനെയാണ് ബുദ്ധിമുട്ടിക്കുന്നത്. ന്യൂ ഇയറിലെങ്കിലും നന്നാവൂ എന്നും അദ്ദേഹം പരിഹസിച്ചു. മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മ നിമജ്ജന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടി ബിജെപി വിവാദങ്ങള്‍ ചൂടുപിടിപ്പിക്കുന്നതിനിടെയാണ് പുതിയ വിഷയം. മന്‍മോഹന്‍ സിങ്ങിന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Tags:    

Similar News