'ഞാന്‍ സ്വന്തമായി വീടുവെച്ചില്ല; എന്നാല്‍ നാലുകോടി പാവപ്പെട്ട ജനങ്ങള്‍ക്ക് വീടുനല്‍കി; എങ്ങും മുഴങ്ങുന്നത് മോദി എന്ന മന്ത്രം'; എഎപി ദുരന്തമായി മാറിയെന്നും നരേന്ദ്ര മോദി
എഎപി ദുരന്തമായി മാറിയെന്നും നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ താന്‍ സ്വന്തമായി ഒരു വീടുണ്ടാക്കിയിട്ടില്ലെന്നും പക്ഷെ, നാല് കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് വീടുവെച്ച് കൊടുക്കാനായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം രാജ്യത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 'ആപ്പ്' വെറും 'ആപ്ദ' ആണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി. മോദി എന്ന മന്ത്രമാണ് എങ്ങും മുഴങ്ങിക്കേള്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എ.എ.പി. 'ആപ്ദ' (ദുരന്തം) ആയി മാറി. കഴിഞ്ഞ പത്ത് വര്‍ഷം എഎപി നഷ്ടപ്പെടുത്തി. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഡല്‍ഹിയുടെ വികസനം അവിഭാജ്യ ഘടകമാണ്. എന്നാല്‍, ആപ് വെറും ആപ്ദ ആണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായെന്നും മോദി 'മോദി' എന്ന മന്ത്രമാണ് എങ്ങും മുഴങ്ങിക്കേള്‍ക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആപ്ദയെ ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ല, ഞങ്ങള്‍ മാറ്റം കൊണ്ടുവരുമെന്നും മോദി പറഞ്ഞു.
ഡല്‍ഹിയിലെ ന്യൂ അശോക് നഗറിനേയും ഉത്തര്‍പ്രദേശിലെ സാഹിബാദിനേയും ബന്ധിപ്പിക്കുന്ന 13 കിലോമീറ്റര്‍ വരുന്ന ഡല്‍ഹി മീററ്റ് റീജ്യണല്‍ റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം (ആര്‍.ആര്‍.ടി.എസ്)ഇടനാഴിയിലെ ഡല്‍ഹി സെക്ഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മൊത്തം 55 കിലോമീറ്ററാണ് ഡല്‍ഹി മീററ്റ് ആര്‍.ആര്‍.ടി.എസ് ഇടനാഴിയുടെ ദൂരം. അശോക് നഗര്‍ മുതല്‍ സാഹിബാദ് വരെ ഓടിയ നമോഭാരത് തീവണ്ടിയിലും മോദി യാത്ര ചെയ്തു.
നമ്മളിപ്പോള്‍ 2025-ല്‍ എത്തിനില്‍ക്കുന്നു. അതായത് 21-ാം നൂറ്റാണ്ടിന്റെ 25 വര്‍ഷം പിന്നിട്ടു. കാല്‍നൂറ്റാണ്ട് പിന്നിട്ടുവെന്ന് അര്‍ഥം. രണ്ടോ മൂന്നോ ജനറേഷനിലുള്ള യുവജനത ഡല്‍ഹിയില്‍ ഇക്കാലത്ത് വളര്‍ന്നു. അടുത്ത 25 വര്‍ഷം ഇന്ത്യയുടെയും ഡല്‍ഹിയുടേയും ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാണെന്നും മോദി ചൂണ്ടിക്കാട്ടി.
ഡല്‍ഹിയില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ എഎപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാരണം, കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇവര്‍ സമ്മതിക്കുന്നില്ല. പക്ഷെ, കേന്ദ്രത്തിന് ഇടപെടാന്‍ കഴിയുന്ന കാര്യത്തിലെല്ലാം വികസനം നടപ്പിലാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.