ഗര്‍ഭിണികള്‍ക്ക് 21000 രൂപ, ആദ്യ കുട്ടിക്ക് 5000, രണ്ടാമത്തെ കുട്ടിക്ക് 6000; സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ സഹായം; 60 പിന്നിട്ടവര്‍ക്ക് പെന്‍ഷന്‍ പദ്ധതി; ഡല്‍ഹിയില്‍ വന്‍ വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക

ഡല്‍ഹിയില്‍ വന്‍ വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക

Update: 2025-01-17 12:10 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകളുടെ ഉന്നമനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് പ്രകടന പത്രികയുടെ ആദ്യഭാഗം പുറത്തിറക്കി കേന്ദ്രമന്ത്രി ജെ പി നദ്ദ പറഞ്ഞു. ഗര്‍ഭിണികള്‍ക്ക് ഒറ്റത്തവണ 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും ആദ്യ കുട്ടിക്ക് 5,000 രൂപയും രണ്ടാമത്തെ കുട്ടിക്ക് 6,000 രൂപയും നല്‍കുമെന്ന് ബിജെപിയുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കുന്ന മഹിളാ സ്മൃതി യോജനയും ബിജെപി പ്രഖ്യാപിച്ചു.

2021ല്‍ സ്ത്രീകള്‍ക്ക് 1,000 രൂപ നല്‍കുമെന്ന് എഎപി വാഗ്ദാനം ചെയ്‌തെങ്കിലും പഞ്ചാബിലോ ഡല്‍ഹിയിലോ പാലിച്ചിട്ടില്ലെന്ന് നദ്ദ ആരോപിച്ചു. കൂടാതെ പാചക വാതക സിലിണ്ടറിന് 500 രൂപ സബ്‌സിഡി അനുവദിക്കും. ഹോളിക്കും ദീപാവലിക്കും ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കും. 70 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 3000 രൂപ പെന്‍ഷന്‍ തുകയാകും. 60 വയസുമുതല്‍ 70 വരെ ഉള്ളവര്‍ക്ക് 2500 രൂപ പെന്‍ഷന്‍ ആയി നല്‍കും. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ആരോഗ്യ ഇന്‍ഷുറന്‍സ് ആയി നല്‍കുമെന്നും പ്രകടന പത്രികയിലുണ്ട്. ജെ.പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ കേന്ദ്രത്തിന്റെ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കുമെന്ന് നദ്ദ ഉറപ്പുനല്‍കി. എഎപി സര്‍ക്കാര്‍ ഈ കേന്ദ്ര പദ്ധതിയെ എതിര്‍ത്തിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 ലക്ഷം രൂപയുടെ അധിക ആരോഗ്യ പരിരക്ഷ ലഭിക്കും. ഇതോടെ പ്രായമായവര്‍ക്ക് നല്‍കുന്ന മൊത്തം ആരോഗ്യ പരിരക്ഷ 10 ലക്ഷമായി ഉയര്‍ത്തുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.

60-70 പ്രായപരിധിയിലുള്ളവര്‍ക്ക് 2,000-2,500 രൂപയും 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് 3,000 രൂപയും ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിയും ബിജെപി പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കുമുള്ള സഹായം 3,000 രൂപയായി ഉയര്‍ത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. എല്ലാ ചേരികളിലും അടല്‍ കാന്റീനുകള്‍ സ്ഥാപിക്കുമെന്നും അവിടെ 5 രൂപയ്ക്ക് ഭക്ഷണം നല്‍കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.

എഎപിയുടെ മൊഹല്ല ക്ലിനിക്കുകളില്‍ 300 കോടി രൂപയുടെ അഴിമതി നടന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ നദ്ദ ആരോപിച്ചു. ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും അഴിമതിക്കാരെ ജയിലിലടക്കുമെന്നും നദ്ദ പറഞ്ഞു.

Similar News