'ബിജെപിയും ആര്‍എസ്എസ്സും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തു; നമ്മള്‍ ഇന്ത്യന്‍ ഭരണകൂടത്തിനെതിരായി പോരാടുകയാണ്'; വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അസമില്‍ കേസ്; രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പരാതിയില്‍

വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അസമില്‍ കേസ്

Update: 2025-01-19 14:35 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണകൂടത്തിനെതിരായി പോരാടുകയാണെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അസമില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മോന്‍ജിത് ചോട്യ എന്നയാളുടെ പരാതിയില്‍ അസമിലെ ഗുവാഹതിയിലുള്ള പാന്‍ ബസാര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത 152, 197(1) വകുപ്പുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പരാതിയില്‍ പറയുന്നു. ഭരണകൂടത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് പ്രതിപക്ഷ നേതാവ് തന്റെ പരാമര്‍ശത്തിലൂടെ നടത്തിയിരിക്കുന്നതെന്നും തെരഞ്ഞെടുപ്പുകളില്‍ നിരന്തരം പരാജയപ്പെടുന്നതിലുള്ള നിരാശയാണ് രാഹുലിനെ കൊണ്ട് ഇത്തരത്തില്‍ പറയിപ്പിക്കുന്നത്.

രാഹുല്‍ അനുവദനീയമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിക്കുന്നുവെന്നും പൊതു ക്രമത്തിനും ദേശീയ സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു രാഹുല്‍ പരാതിക്ക് കാരണമായ പരാമര്‍ശം നടത്തിയത്. ബിജെപിയും ആര്‍എസ്എസ്സും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തിരിക്കുകയാണെന്നും ഇപ്പോള്‍ നമ്മള്‍ ബിജെപിയുമായും ആര്‍എസ്എസ്സുമായും ഇന്ത്യന്‍ ഭരണകൂടവുമായും പോരാടുകയാണെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.

രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്‍ട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ പങ്കു ചേരണം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ ചില വ്യവസായികളെ മാത്രം സഹായിക്കുന്നതിന് എതിരെ വെള്ള ടീഷര്‍ട്ട് ധരിച്ച് പ്രതിഷേധിക്കണം, പ്രചാരത്തില്‍ പങ്കു ചേരാനായി വെബ്‌സൈറ്റും തയാറാക്കിയിട്ടുണ്ട്. പരമാവധി ആളുകള്‍ വെള്ള ടീഷര്‍ട്ട് ധരിച്ച് സഹകരിക്കണം എന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു.

അസമിലാണ് വിവാദ പരാമര്‍ശത്തിനെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. മോന്‍ജിത് ചോട്യ എന്നയാളുടെ പരാതിയിലാണ് ഗുവാഹതിയിലുള്ള പാന്‍ ബസാര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 152, 197(1) വകുപ്പുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Similar News