മന്ത്രി ഇന്ദിരാഗാന്ധിയെ വിശേഷിപ്പിച്ചത് 'നിങ്ങളുടെ മുത്തശ്ശി' എന്ന്; ബജറ്റ് സമ്മേളനത്തിനിടെ ബഹളം; രാജസ്ഥാന്‍ നിയമസഭയില്‍ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തു; സഭയ്ക്കുള്ളില്‍ താമസിക്കാന്‍ എം.എല്‍.എമാര്‍

രാജസ്ഥാന്‍ നിയമസഭയില്‍ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തു

Update: 2025-02-21 17:56 GMT

ജയ്പുര്‍: ബജറ്റ് സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് രാജസ്ഥാന്‍ നിയമസഭ. സഭ തടസ്സപ്പെടുത്തിയ ബഹളത്തെ തുടര്‍ന്ന് ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.എല്‍.എമാര്‍ സഭയുടെ നടുത്തളത്തില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട ബി.ജെ.പി. മന്ത്രിയുടെ വിവാദ പരാമര്‍ശമാണ് ബഹളത്തിന് വഴി തെളിച്ചത്. 'നിങ്ങളുടെ മുത്തശ്ശി' എന്നാണ് മന്ത്രി ഇന്ദിരാഗാന്ധിയെ വിശേഷിപ്പിച്ചത്. മുന്‍ പ്രധാനമന്ത്രിയെ ഇങ്ങനെ വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബഹളം വെച്ചത്.

വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകളെ കുറിച്ചുള്ള ചോദ്യത്തിന് പറയവെ സാമൂഹ്യനീതി വകുപ്പ് മന്ത്രി അവിനാശ് ഗെഹ്ലോത്താണ് വിവാദമായ പരാമര്‍ശം നടത്തിയത്. 'എല്ലായ്പ്പോഴുമെന്ന പോലെ 2023-2024 വര്‍ഷത്തെ ബജറ്റിലും പദ്ധതിക്ക് നിങ്ങളുടെ മുത്തശ്ശിയുടെ പേരാണ് നല്‍കിയത്' എന്നാണ് മന്ത്രി പ്രതിപക്ഷ എം.എല്‍.എമാരോട് പറഞ്ഞത്.

പിന്നാലെ പ്രതിപക്ഷ നേതാവ് ടിക്കാ റാം ജുല്ലി ഇതിനെ ശക്തമായി എതിര്‍ത്തു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഉദ്ദേശിച്ചാണോ ഇത് പറഞ്ഞത് എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ലക്ഷ്മണ്‍ഗഢ് എം.എല്‍.എ. നിയമസഭാ സെക്രട്ടറിയുടെ മേശയ്ക്കരികിലെത്തുകയും മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് എം.എല്‍.എമാരും നിയമസഭയിലെ മാര്‍ഷല്‍മാരും നേര്‍ക്കുനേര്‍ വന്നതിനും സഭ സാക്ഷ്യം വഹിച്ചു. 'മുത്തശ്ശി' എന്ന വാക്ക് അണ്‍പാര്‍ലമെന്ററി അല്ല എന്ന വിചിത്ര മറുപടിയാണ് പാര്‍ലമെന്ററികാര്യ മന്ത്രി പറഞ്ഞത്.

Similar News