രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങളുടെ പേരില്‍ ഓഫിസര്‍മാരെ വേട്ടയാടരുത്; സൈബര്‍ ആക്രമണം നേരിടുന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനും പിന്തുണ

വിക്രം മിസ്രിക്കും കുടുംബത്തിനും പിന്തുണ

Update: 2025-05-12 11:51 GMT

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിടുന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനും പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ നേതൃത്വവും സിവില്‍ സര്‍വിസ് അസോസിയേഷനും. ലജ്ജാകരം എന്നാണ് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പ്രതികരിച്ചത്.

രാജ്യദ്രോഹിയെന്നും ചതിയനെന്നുമുള്ള അധിക്ഷേപ കമന്റുകളാണ് മിസ്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പലരും പോസ്റ്റ് ചെയ്തത്. ചിലര്‍ മിസ്രിയുടെയും മകളുടെയും പൗരത്വം ചോദ്യം ചെയ്തും രംഗത്തുവന്നു. സത്യസന്ധനും കഠിനാധ്വാനിയുമായ മിസ്രിയെ പോലെയുള്ള ഓഫിസര്‍മാരെ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങളുടെ പേരില്‍ വേട്ടയാടരുതെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. മിസ്രിയെ പ്രതിരോധിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

മാന്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നും അവര്‍ കുറ്റപ്പെടുത്തി. വിക്രം മിസ്രിക്കും കുടുംബത്തിനും ഐ.എ.എസ് കൂട്ടായ്മ ഐക്യദാര്‍ഢ്യവുമായി രംഗത്തുവന്നു. സത്യസന്ധതയോടെ ജോലി നിര്‍വഹിക്കുന്ന സിവില്‍ സര്‍വിസുകാര്‍ക്കെതിരെ അനാവശ്യമായി വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് അസോസിയേഷന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

മിസ്രിയുടെ മകള്‍ അഭിഭാഷകയാണ്. റോഹീങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി നിയമസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് അധിക്ഷേപ കമന്റുകളിട്ടത്. സൈബര്‍ അധിക്ഷേപം രൂക്ഷമായതോടെ മിസ്രി എക്‌സ് അക്കൗണ്ട് ലോക്ക് ചെയ്തു.

നേരത്തെ, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാംശിക്കെതിരെയും സൈബറാക്രമണം ഉണ്ടായിരുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മുസ്ലിംകളെ ലക്ഷ്യമിടുന്നതിനെതിരെ സംസാരിച്ചതിനാണ് അവര്‍ക്കെതിരെ ഒരുവിഭാഗം തിരിഞ്ഞത്.

Similar News