'സ്ത്രീകള്‍ ഭീകരര്‍ക്കെതിരെ പോരാടണമായിരുന്നു; കൈകൂപ്പി നില്‍ക്കുന്നതിന് പകരം പോരാടിയിരുന്നെങ്കില്‍ പഹല്‍ഗാമില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നു'; വിവാദ പരാമര്‍ശവുമായി ബിജെപി എം പി

വിവാദ പരാമര്‍ശവുമായി ബിജെപി എം പി

Update: 2025-05-25 09:01 GMT

ചണ്ഡീഗഡ്: ജമ്മു കാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശവുമായി ഹരിയാന ബിജെപി രാജ്യസഭാ എം പി രാം ചന്ദര്‍ ജാംഗ്ര രംഗത്ത്. പഹല്‍ഗാമില്‍ സ്ത്രീകള്‍ ഇരയായത് അവരുടെ ധീരത കുറവ് മൂലം ആണെന്നാണ് എം പി പറഞ്ഞത്. കൈകൂപ്പി നില്‍ക്കുന്നതിന് പകരം പോരാടിയിരുന്നെങ്കില്‍ പഹല്‍ഗാമില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നുവെന്നാണ് ബിജെപി എം പി പറഞ്ഞത്. പതിനെട്ടാം നൂറ്റാണ്ടിലെ മറാത്ത രാജ്ഞിയായിരുന്ന അഹല്യഭായ് ഹോള്‍ക്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഹരിയാനയിലെ ഭിവാനിയില്‍ നടന്ന പരിപാടിയ്ക്കിടെയാണ് രാം ചന്ദര്‍ ജാംഗ്ര വിവാദപ്രസ്താവന നടത്തിയത്.

സ്ത്രീകള്‍ കൈകള്‍ കൂപ്പി നില്‍ക്കുന്നതിന് പകരം പോരാടിയിരുന്നെങ്കില്‍ പഹല്‍ഗാമില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നുവെന്നും എംപി കൂട്ടിച്ചേര്‍ത്തു. 'വിനോദസഞ്ചാരികള്‍ക്ക് അഗ്‌നിപഥ് പദ്ധതിയുടെ പരിശീലനം ലഭിച്ചിരുന്നെങ്കില്‍ മൂന്ന് തീവ്രവാദികള്‍ക്ക്, 26 പേരെ കൊല്ലാന്‍ കഴിയുമായിരുന്നില്ല. സ്ത്രീകള്‍ തീവ്രവാദികള്‍ക്കെതിരെ പോരാടണമായിരുന്നു'- രാം ചന്ദര്‍ ജാംഗ്ര വ്യക്തമാക്കി.

സ്ത്രീകള്‍ തീവ്രവാദികള്‍ക്കെതിരെ എങ്ങനെ പോരാടുമെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ പിന്നീട് ചോദിച്ചപ്പോള്‍ അഹല്യഭായ് ഹോള്‍ക്കറും റാണി ലക്ഷ്മി ഭായിയും സ്ത്രീകളായിരുന്നുവെന്നും അവര്‍ യുദ്ധം ചെയ്തില്ലേയെന്നും നമ്മുടെ സഹോദരിമാര്‍ ധൈര്യശാലികളായിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.ഏപ്രില്‍ 22നാണ് പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വരയില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ഭീകരവാദികള്‍ ഹിന്ദുവാണോ മുസ്ലീമാണോ എന്ന ചോദ്യങ്ങള്‍ ചോദിച്ചതിനുശേഷമാണ് വിനോദ സഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. സ്ത്രീകളെ ആക്രമിച്ചില്ല. പുരുഷന്മാരെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്.

Similar News