ഗുജറാത്തിലെ ഭരണകക്ഷിയായ ബി.ജെ.പിയെ സഹായിക്കുന്നു; ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസുമായി ബന്ധമില്ല; 'ഇന്ത്യ' മുന്നണി ലോക്സഭാ തെരഞ്ഞെടുപ്പിന് മാത്രമുള്ളതായിരുന്നുവെന്ന് കെജ്രിവാള്‍
'ഇന്ത്യ' മുന്നണി ലോക്സഭാ തെരഞ്ഞെടുപ്പിന് മാത്രമുള്ളതായിരുന്നുവെന്ന് കെജ്രിവാള്‍
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്ക് ഇനി കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ഗുജറാത്തിലെ ഭരണകക്ഷിയായ ബി.ജെ.പിയെ അവര്‍ സഹായിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' മുന്നണി കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2027 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അവിടെ വിജയിക്കുമെന്നും മുന്‍ ഡല്‍ഹി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. കാരണം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും അല്ലാതെ മറ്റൊരു ഓപ്ഷന്‍ കൂടിയുണ്ട്.
'കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് സഖ്യമില്ല. എന്തെങ്കിലും സഖ്യമുണ്ടെങ്കില്‍ വിസവദറിലെ ഉപതെരഞ്ഞെടുപ്പില്‍ അവര്‍ എന്തിനാണ് മത്സരിച്ചത്? അവര്‍ ഞങ്ങളെ പരാജയപ്പെടുത്താന്‍ വന്നു. ഞങ്ങളുടെ വോട്ടുകള്‍ വെട്ടിക്കുറച്ച് എ.എ.പിയെ പരാജയപ്പെടുത്താന്‍ ബി.ജെ.പി കോണ്‍ഗ്രസിനെ അയച്ചു. കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ ബി.ജെ.പി അവരെ ശാസിക്കുക പോലും ചെയ്തു. 'ഇന്‍ഡ്യാ' മുന്നണി ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു സഖ്യവുമില്ല- കെജ്രിവാള്‍ പറഞ്ഞു.
കഴിഞ്ഞ മാസം ജുനഗഡ് ജില്ലയിലെ വിസവദര്‍ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കിരിത് പട്ടേലിനെ 17,000ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ആം ആദ്മി നേതാവ് ഗോപാല്‍ ഇറ്റാലിയ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിതിന്‍ രണ്‍പാരിയ 5,501 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.
30 വര്‍ഷത്തെ ഭരണത്തില്‍ ബി.ജെ.പി ഗുജറാത്തിനെ നശിപ്പിച്ചുവെന്ന് കെജ്രിവാള്‍ അവകാശപ്പെട്ടു. ബി.ജെ.പിക്ക് അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് സഹായിച്ചതിനാല്‍ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നുംഅദ്ദേഹം പറഞ്ഞു. കര്‍ഷകരായാലും യുവാക്കളായാലും മധ്യവര്‍ഗമായാലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ബി.ജെ.പിയില്‍ അസന്തുഷ്ടരാണ്. തൊഴിലില്ലായ്മ ഉണ്ടായിരുന്നിട്ടും പകുതിയിലധികം തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ മാത്രമാണ് നല്‍കുന്നത്. എന്നിരുന്നാലും ആളുകള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ബി.ജെ.പി തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചുവെന്നും കെജ്രിവാള്‍ പറഞ്ഞു.
വിസവദര്‍ ഉപതിരഞ്ഞെടുപ്പിനുശേഷം ഈ രണ്ട് പാര്‍ട്ടികള്‍ക്കും ശക്തമായ ഒരു ബദലായി എ.എ.പി ഉയര്‍ന്നുവന്നിട്ടുണ്ട്. ആളുകള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.