'ആറ്റം ബോംബിനെക്കുറിച്ച് ബിജെപി കേട്ടിട്ടുണ്ടോ? അതിലും വലുതായ ഒന്നുണ്ട്-ഹൈഡ്രജന്‍ ബോംബ്; നിങ്ങളെല്ലാവരും അതിനായി തയ്യാറായിരിക്കണം; ആ ഹൈഡ്രജന്‍ ബോംബിന് ശേഷം മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല'; വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി

വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി

Update: 2025-09-01 11:58 GMT

പട്‌ന: മഹാദേവപുരയിലെ 'ആറ്റംബോംബിന്' പിന്നാലെ ഒരു 'ഹൈഡ്രജന്‍ ബോംബ്' കൂടി വരാനുണ്ടെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ പട്‌നയില്‍ വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന പരിപാടിയില്‍ സംസാരിക്കവേയാണ് ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രാഹുല്‍ തുറന്നടിച്ചത്.

'ബി.ജെ.പിക്കാരേ... ആറ്റംബോബിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ? ഞാനത് വാര്‍ത്ത സമ്മേളനത്തില്‍ കാണിച്ചതാണ്. അതിനേക്കാള്‍ വലിയ എന്തെങ്കിലും കേട്ടിട്ടുണ്ടോ..? അത് ഒരു ഹൈഡ്രജന്‍ ബോംബാണ്. ബി.ജെ.പിക്കാരേ നിങ്ങള്‍ തയാറായി ഇരുന്നോളൂ. ഹൈഡ്രജന്‍ ബോംബ് വരും. വോട്ട് മോഷണത്തെക്കുറിച്ചുള്ള സത്യം രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടും. ഹൈഡ്രജന്‍ ബോംബ് വന്നാല്‍ നരേന്ദ്രമോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല'- രാഹുല്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരേ വോട്ടുകവര്‍ച്ച ആരോപണം ഉയര്‍ത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 16 ദിവസമായി നടത്തിവന്ന 'വോട്ടര്‍ അധികാര്‍ യാത്ര'യുടെ സമാപന ചടങ്ങില്‍ ആയിക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. 'വോട്ടുചോരി' എന്നാല്‍ നമ്മുടെ അവകാശങ്ങള്‍, സംവരണം, തൊഴില്‍, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി ജനങ്ങളുടെ റേഷന്‍ കാര്‍ഡും ഭൂമിയും തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും നല്‍കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. 'വോട്ടര്‍ അധികാര്‍ യാത്ര'യ്ക്ക് ലഭിച്ച ജനപിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

'മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ അതേ ശക്തികളാണ് ഡോ. ബി.ആര്‍. അംബേദ്കറുടെയും മഹാത്മ ഗാന്ധിയുടെയും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയെ തകര്‍ക്കാന്‍ ഞങ്ങള്‍ അവരെ അനുവദിക്കില്ല. ബിഹാറില്‍ ജനങ്ങള്‍ക്കിടയില്‍ 'വോട്ട് കള്ളാ, സിംഹാസനം ഒഴിയൂ'('വോട്ട് ചോര്‍, ഗഡ്ഡി ച്ഛോഡ്') എന്നൊരു പുതിയ മുദ്രാവാക്യമുണ്ട്,. ചൈനയിലും യുഎസിലും പോലും ആളുകള്‍ ഇത് പറയുന്നു.' രാഹുല്‍ പരിഹസിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ തെളിവുകളോ ഡിജിറ്റല്‍ ഡാറ്റയോ നല്‍കുന്നില്ല. ഞങ്ങളുടെ ടീം നാലഞ്ചു മാസത്തോളം ദിവസവും 16-17 മണിക്കൂര്‍ ജോലി ചെയ്ത് വിവിധ സ്രോതസ്സുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. വോട്ട് മോഷണം എന്നത് കേവലം വോട്ടുകളുടെ മോഷണമല്ല, അത് അവകാശങ്ങളുടെയും ഭരണഘടനയുടെയും യുവതയുടെ ഭാവിയുടെയും മോഷണമാണ്. അവര്‍ എല്ലാം അദാനി-അംബാനിക്ക് നല്‍കും. മഹാത്മ ഗാന്ധിയെ വധിച്ച ശക്തികളാണ് ഇപ്പോള്‍ ഭരണഘടനയെയും ജനാധിപത്യത്തെയും കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത്. രാഹുല്‍ പറഞ്ഞു.

ബിഹാറിലെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ ഒരു എഞ്ചിന്‍ കുറ്റകൃത്യത്തിലും മറ്റേത് അഴിമതിയിലുമാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. നിരവധി പേരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റുന്നുണ്ട്. വളരെ തന്ത്രപരമായി നിരവധി കള്ളവോട്ടുകളും ചേര്‍ക്കുന്നുണ്ട്. ബിഹാറില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കണം. തേജസ്വി പറഞ്ഞു. വോട്ടുമോഷണത്തിലൂടെ ബിഹാറില്‍ വിജയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു.

ഓഗസ്റ്റ് 17-ന് ബിഹാറിലെ സസാറാമില്‍നിന്നുതുടങ്ങിയ യാത്രയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബിഹാറിലെ 20 ജില്ലകളിലൂടെ 1300-ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് യാത്ര പട്നയിലെത്തിയത്. പട്നയിലെ ഗാന്ധിമൈതാനിയില്‍നിന്ന് ആരംഭിച്ച സമാപന പദയാത്രയില്‍ ആയിരക്കണക്കിന് പേരാണ് എത്തിയത്.

Tags:    

Similar News