ട്രംപ് ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ അധികതീരുവയോട് എന്തുകൊണ്ട് ഉടനടി പ്രതികരിച്ചില്ല? കാരണം വ്യക്തമാക്കി രാജ്നാഥ് സിങ്; സൈനിക നടപടികള്‍ ഇല്ലാതെതന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി

സൈനിക നടപടികള്‍ ഇല്ലാതെതന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി

Update: 2025-09-22 10:33 GMT

ന്യുഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ അധിക തീരുവയോട് ഉടനടി പ്രതികരിക്കാതിരുന്നത് ഇന്ത്യയ്ക്കു വിശാലമനസ്‌ക സമീപനമുള്ളതിനാലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു മൊറോക്കോയിലെത്തിയ അദ്ദേഹം അവിടുത്തെ ഇന്ത്യന്‍ വംശജരുമായി സംവദിക്കുകയായിരുന്നു. '' തീരുവ വിഷയത്തില്‍ ഇന്ത്യ ഉടനടി പ്രതികരിച്ചില്ലെന്നതു വാസ്തവം, അതിനു കാരണം ഇന്ത്യക്കാര്‍ വിശാലമനസ്‌കരായതുകൊണ്ടാണ്. ഒരു കാര്യത്തിലും ഉടനടി പ്രതികരിക്കരുത്.''- അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക്ക് അധിനിവേശ കശ്മീര്‍ പിടിച്ചെടുക്കാനുള്ള അവസരമുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ അതു നഷ്ടപ്പെടുത്തിയെന്ന ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ''പഹല്‍ഗാം ആക്രമണത്തിന് ഇരയായവരോട് ഭീകരവാദികള്‍ മതം ചോദിച്ചു. പക്ഷേ ഇന്ത്യന്‍ സൈന്യം അങ്ങനെ ചെയ്തില്ല. ഞങ്ങള്‍ ആരെയും മതത്തിന്റെ പേരുപറഞ്ഞ് കൊന്നിട്ടില്ല. അവരുടെ പ്രവൃത്തികള്‍ക്കുള്ള മറുപടിയാണ് നല്‍കിയത്.

ഇന്ത്യ നടത്തിയ ആക്രമണം സാധാരണ ജനങ്ങളെ ലക്ഷ്യംവെച്ചുള്ളതായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇന്ത്യ സാധാരണ ജനങ്ങളെയോ സൈനിക താവളങ്ങളെയോ ലക്ഷ്യംവെച്ചില്ല. ഇന്ത്യയ്ക്ക് മാത്രമാണ് ഈ സ്വഭാവസവിശേഷതയുള്ളത്. ഞങ്ങള്‍ക്ക് വേണമെങ്കില്‍ സാധാരണക്കാരെയോ സൈനിക താവളങ്ങളെയോ ആക്രമിക്കാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ അത് ചെയ്തില്ല. ഇന്ത്യയുടെ ഈ മനഃസ്ഥിതി നമ്മള്‍ ഉയര്‍ത്തിപിടിക്കണം', രാജ്നാഥ് സിങ് പറഞ്ഞു.

'പാക് അധീന കശ്മീര്‍ തനിയെ നമ്മുടേതാകും. അവിടെ ആവശ്യങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു. അവിടത്തെ മുദ്രാവാക്യങ്ങള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അഞ്ചുവര്‍ഷംമുന്‍പ് കശ്മീര്‍ താഴ്വരയില്‍ നടന്ന ഒരു പരിപാടിയില്‍ ഇന്ത്യന്‍ സൈന്യത്തെ അഭിസംബോധന ചെയ്യവേ, പിഒകെ അക്രമിച്ചു പിടിച്ചടക്കേണ്ട ആവശ്യം നമുക്കുണ്ടാവില്ലെന്നും അതെന്തായാലും നമ്മുടേതാണെന്നും പറഞ്ഞിരുന്നു. തങ്ങളും ഭാരതത്തിന്റെ ഭാഗമാണെന്ന് പിഒകെതന്നെ പറയുന്ന ദിവസം വരും', മൊറോക്കോയില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കവേ രാജ്നാഥ് സിങ് പറഞ്ഞു.

പാക് അധീന കശ്മീരിലെ പ്രധാന നഗരമായ റാവല്‍ക്കോട്ടില്‍, പാകിസ്താനില്‍നിന്ന് സ്വാതന്ത്ര്യമാവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി പ്രകടനങ്ങള്‍ നടത്തിയിരുന്നു. വര്‍ഷങ്ങളായി അനുഭവിക്കുന്ന അവഗണന, രൂക്ഷമായ തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളില്ലായ്മ എന്നിവയില്‍നിന്ന് ഉടലെടുത്ത പ്രതിഷേധമായിരുന്നു ഇതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tags:    

Similar News