ചിരാഗ് പാസ്വാനെ ഉപമുഖ്യമന്ത്രിയാക്കും; ബിജെപി ഉപമുഖ്യമന്ത്രി പദമടക്കം 16 മന്ത്രിമാര്‍; ജെഡിയുവിന് 14 മന്ത്രിമാര്‍; ലാലുവിന്റെ മൂത്ത മകനേയും എന്‍ഡിഎയുടെ ഭാഗമാക്കാന്‍ നീക്കം; പത്താം തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന നിതീഷിന് തുടര്‍ച്ചയായി അഞ്ച് തവണ പദവിയിലെത്തുന്നുവെന്ന പ്രത്യേകതയും; ബീഹാറിനെ വീണ്ടും നിതീഷ് ഏറ്റെടുക്കും; സത്യപ്രതിജ്ഞയ്ക്ക് ഒരുക്കം തുടങ്ങി

Update: 2025-11-17 03:57 GMT

പാറ്റ്‌ന: ബിഹാറില്‍ ജെഡി-യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച (നവംബര്‍ 20) നടക്കും. പാറ്റ്‌നയിലെ ഗാന്ധി മൈതാനത്തായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുകയെന്നാണ് എന്‍ഡിഎ നേതാക്കള്‍ അറിയിച്ചത്. എല്‍ജെപിയുടെ ചിരാഗ് പാസ്വാന്‍ ഉപമുഖ്യമന്ത്രിയാകും. ബിജെപിക്കും ഉപമുഖ്യമന്ത്രി പദമുണ്ടാകും. സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും എന്നാണ് സൂചന. മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യുക പത്താം തവണയാണ്.

ഇത്തവണ വന്‍ വിജയം നേടിയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ ബിഹാറില്‍ വീണ്ടും അധികാരത്തിലെത്തുന്നത്. 202 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്. മഹാസഖ്യത്തിന് 35 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇന്ന് നിയമസഭ കക്ഷി യോഗം ചേര്‍ന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി തെരെഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. സഞ്ജയ് ത്സാ, ധര്‍മേന്ദ്ര പ്രധാന്‍, വിനോദ് താവ്‌ടെ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും സജീവമാക്കിയിട്ടുണ്ട്.

ജെഡിയുവിന് 14 മന്ത്രിമാരുണ്ടാകും. ബിജെപിക്ക് ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ 16 മന്ത്രിമാരുണ്ടാകും. ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് മൂന്നും ജിതിന്‍ റാം മാഞ്ചിയുടേയും ഉപേന്ദ്ര കുശ്വയുടേയും പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. പത്താം തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന നിതീഷ് തുടര്‍ച്ചയായി അഞ്ച് തവണ പദവിയിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അതേസമയം പണം നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ മംഗനി ലാല്‍ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ആര്‍ജെഡി അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കു ചരിത്രവിജയമാണ് നേടിയത്. 243 അംഗ നിയമസഭയില്‍ 202 സീറ്റും തൂത്തുവാരി സഖ്യം ഭരണം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യാസഖ്യം നാമാവശേഷമായി. സഖ്യത്തിനാകെ 35 സീറ്റ് മാത്രം. എന്‍ഡിഎയില്‍ 89 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 85 സീറ്റുമായി ജെഡിയു ഒപ്പത്തിനൊപ്പം നിന്നു. കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയോളം സീറ്റ് നേടിയുള്ള ജെഡിയുവിന്റെ തിരിച്ചുവരവ് മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ തന്ത്രങ്ങളുടെ കൂടി വിജയമായി. ചിരാഗ് പാസ്വാന്റെ എല്‍ജെപി (റാംവിലാസ്) ഉള്‍പ്പെടെ എന്‍ഡിഎയിലെ എല്ലാ കക്ഷികളും മിന്നുന്ന പ്രകടനം കാഴ്ചവച്ചു.

കഴിഞ്ഞതവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ആര്‍ജെഡി മൂന്നിലൊന്നു സീറ്റുകളിലേക്കു തകര്‍ന്നടിഞ്ഞു. സ്വന്തം മണ്ഡലമായ രാഘോപുരില്‍ പല റൗണ്ടിലും പിന്നിലായിരുന്ന പ്രതിപക്ഷനേതാവ് തേജസ്വി യാദവ് ഒടുവില്‍ 14,532 വോട്ടിനു വിജയിച്ചു. കോണ്‍ഗ്രസ്, സിപിഐ (എംഎല്‍) എന്നിങ്ങനെ ഇന്ത്യാസഖ്യത്തിലെ മറ്റു പാര്‍ട്ടികളൊന്നും സീറ്റെണ്ണത്തില്‍ രണ്ടക്കം തികച്ചില്ല. കഴിഞ്ഞതവണ 19 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇക്കുറി 6 സീറ്റ് മാത്രം.

കടുത്ത വിലപേശലിലൂടെ 15 സീറ്റ് പിടിച്ചുവാങ്ങിയ മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് (വിഐപി) ഒരു സീറ്റ് പോലുമില്ല. ഇടതുശക്തികേന്ദ്രങ്ങളും എന്‍ഡിഎ മുന്നേറ്റത്തില്‍ തരിപ്പണമായി. കഴിഞ്ഞതവണ മികച്ച പ്രകടനം കാഴ്ചവച്ച സിപിഐ (എംഎല്‍) പോലും തകര്‍ന്നടിഞ്ഞു. സിപിഎം ഒറ്റ സീറ്റിലൊതുങ്ങി; സിപിഐ പൂജ്യം. കഴിഞ്ഞതവണ ഇരുകക്ഷികള്‍ക്കും 2 സീറ്റ് വീതമുണ്ടായിരുന്നു. മാറ്റം വാഗ്ദാനം ചെയ്‌തെത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല.

ആര്‍ജെഡിയില്‍ നിന്നും പുറത്തുപോയ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് ജനശക്തി ജനതാദള്‍ രൂപീകരിച്ച് സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും ഒരു സീറ്റില്‍ പോലും വിജയിച്ചിരുന്നില്ല. തേജ് പ്രതാപും എന്‍ഡിഎയിലേക്ക് എത്തുമെന്നാണ് സൂചന. ഈ ചര്‍ച്ചകളും നടക്കുന്നുണ്ട്. ലാലുവിന്റെ നാല് പെണ്‍മക്കളും ആര്‍ജെഡിയുമായി പിണങ്ങിയിട്ടുണ്ട്. ഇവരേയും ബിജെപി അടുപ്പിച്ചേക്കും.

Tags:    

Similar News