'പ്രധാനമന്ത്രിയാകാന്‍ നിതിന്‍ ഗഡ്കരി ശരിയായ തെരഞ്ഞെടുപ്പായിരിക്കും; രാജ്യത്തെ സാധാരണക്കാരെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തിയാണ്'; ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ
'പ്രധാനമന്ത്രിയാകാന്‍ നിതിന്‍ ഗഡ്കരി ശരിയായ തെരഞ്ഞെടുപ്പായിരിക്കും
ശിവമോഗ: ബിജെപിയിലെ പ്രായപരിധി മാനദണ്ഡങ്ങള്‍ പ്രകാരം നരേന്ദ്രമോദി പ്രധാനമന്ത്രി പദവി ഒഴിഞ്ഞാല്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന് കോണ്‍ഗ്രസ് എംഎല്‍എ. കര്‍ണാടകയിലെ സാഗര്‍ എംഎല്‍എ ബേലൂര്‍ ഗോപാല കൃഷ്ണയുടേതാണ് പരാമര്‍ശം. 75 വയസ്സ് തികയുന്നവര്‍ അധികാരത്തില്‍ നിന്ന് പുറത്തുപോകണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസംഗം ചര്‍ച്ചയാകവേയാണ് കോണ്‍ഗ്രസ് എംഎല്‍എ അഭിപ്രായം രേഖപ്പെടുത്തി രംഗത്തു വന്നത്.
പ്രധാനമന്ത്രിയാകാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ശരിയായ തെരഞ്ഞെടുപ്പായിരിക്കും. രാജ്യത്തെ സാധാരണക്കാരെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തിയാണ് നിതിന്‍ ഗഡ്കരിയെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബേലൂര്‍ ഗോപാലകൃഷ്ണ ചൂണ്ടിക്കാട്ടി.
പ്രായപരിധിയുടെ പേരില്‍ ബിഎസ് യെഡിയൂരപ്പ 75 വയസില്‍ വിരമിച്ച കാഴ്ച എല്ലാവരും കണ്ടിരുന്നു. കണ്ണീരോടെ ആയിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം. പ്രധാനമന്ത്രിയുടെ കാലാവധിയിലും ആര്‍എസ്എസ് മേധാവിയുടെ ആഗ്രഹപ്രകാരം പ്രവര്‍ത്തിക്കണം. രാജ്യത്ത് ദരിദ്രരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഇക്കാര്യത്തില്‍ ഗഡ്കരി നടത്തിയ പ്രതികരണം കാണാതെ പോകരുത്.
''സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതായും രാജ്യത്തിന്റെ സമ്പത്ത് കുറച്ച് ആളുകളുടെ കൈകളിലേക്ക് പോകുന്നുണ്ടെന്ന് ഗഡ്കരി അടുത്തിടെ പറഞ്ഞിരുന്നു. ഇത് കണക്കിലെടുക്കുമ്പോള്‍, അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യനാണ്. ബിജെപി ഹൈക്കമാന്‍ഡ് അതിനെക്കുറിച്ച് ചിന്തിക്കണം,'' കോണ്‍ഗ്രസ് എംഎല്‍എ ചൂണ്ടിക്കാട്ടുന്നു.