ഒമര്‍ അബ്ദുള്ള ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയാകും; 10 വര്‍ഷത്തിന് ശേഷം ജനവിധി തങ്ങള്‍ക്ക് അനുകൂലം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ജനങ്ങള്‍ എതിരായിരുന്നു എന്നതിന്റെ തെളിവാണ് ഈ വിധിയെന്ന് ഫറൂഖ് അബ്ദുള്ള; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഒമര്‍

ഒമര്‍ അബ്ദുള്ള ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയാകും

Update: 2024-10-08 11:15 GMT

ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളള ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയാകും. പിതാവും നാഷണല്‍ കോണ്‍ഫറന്‍സ് അദ്ധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയാണ് ഇക്കാര്യം ശ്രീനഗറില്‍ പ്രഖ്യാപിച്ചത്. ഒരു പതിറ്റാണ്ടിന് ശേഷം ജമ്മു-കശ്മീരില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍ സി സഖ്യമാണ് ജയിച്ചുകയറിയത്.

' 10 വര്‍ഷത്തിന് ശേഷം ജനവിധി ഞങ്ങള്‍ക്ക് അനുകൂലമാണ്. അവരുടെ പ്രതീക്ഷകള്‍ക്ക് ഒത്തുയരാന്‍ കഴിയണേ എന്ന് പ്രാര്‍ഥിക്കുന്നു. ഇവിടെ ഒരു പൊലീസ് രാജായിരിക്കില്ല. ജയിലില്‍ നിന്ന് നിരപരാധികളെ ഞങ്ങള്‍ വിട്ടയയ്ക്കാന്‍ ശ്രമിക്കും. മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാം. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വിശ്വാസം നമുക്ക് വളര്‍ത്തിയെടുക്കണം', ഫറൂഖ് അബ്ദുളള മാധ്യമങ്ങളോട് പറഞ്ഞു.

ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുന: സ്ഥാപിക്കാനുള്ള നാഷണല്‍ കോണ്‍ഫറന്‍സിന്റെ പോരാട്ടത്തില്‍ ഇന്ത്യ സഖ്യ കകക്ഷികള്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ജമ്മു കശ്മീരിലെ ജനങ്ങള്‍ എതിരായിരുന്നു എന്നതിന്റെ തെളിവാണ് ഈ വിധിയെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ആര്‍ക്കാണ് ഉന്നത പദവി നല്‍കുക എന്ന ചോദ്യത്തിന് 'ഒമര്‍ അബ്്ദുള്ള ബനേഗ ചീഫ് മിനിസ്റ്റര്‍' എന്നായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ മറുപടി.

'2019 ആഗസ്റ്റ് അഞ്ചിന് എടുത്ത തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് ഈ ജനവിധി തെളിയിക്കുന്നു. ജനങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തതിലും സ്വതന്ത്രമായി വോട്ടു ചെയ്തതിലും ഞാന്‍ എല്ലാവരോടും നന്ദിയുള്ളവനാണ്. ഈ ഫലത്തില്‍ ഞാന്‍ ദൈവത്തോടും നന്ദിയുള്ളവനാണ്. ജനങ്ങളുടെ പ്രയാസങ്ങള്‍ അവസാനിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നു. നമുക്ക് തൊഴിലില്ലായ്മ അവസാനിപ്പിക്കുകയും വിലക്കയറ്റം, മയക്കുമരുന്ന് ഭീഷണി തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുകയും വേണം. ഇനി ലെഫ്റ്റനന്റ് ഗവര്‍ണറും അദ്ദേഹത്തിന്റെ ഉപദേശകരും ഇവിടെ ഉണ്ടാകില്ല. 90 എം.എല്‍.എമാര്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും' - അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ 90 സീറ്റുകളില്‍ 52 ലും കോണ്‍ഗ്രസ്-എന്‍ സി സഖ്യമാണ് മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി 27 സീറ്റിലും, മുന്നിട്ടു നില്‍ക്കുന്നു. മെഹ്ബൂബ മുഫ്തിയുടെ പിഡിപിക്ക് രണ്ടുസീറ്റ് മാത്രമേ കിട്ടുകയുള്ളുവെന്നാണ് സൂചന. 2009 മുതല്‍ 2015 വരെ മുഖ്യമന്ത്രി ആയിരുന്ന ഒമര്‍ അബ്ദുളള നാഷണല്‍ കോണ്‍ഫറന്‍സിനെ വീണ്ടും അധികാരത്തില്‍ എത്തിച്ചതിന് വോട്ടര്‍മാരോട് നന്ദി പറഞ്ഞു.

Tags:    

Similar News