ഗുജറാത്ത് സമാചാര്‍ ഉടമയെ ഇഡി അറസ്റ്റ് ചെയ്തു; മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പത്രം വിമര്‍ശനാത്മകമായി എഴുതിയതിന്റെ പേരിലാണ് കസ്റ്റഡിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ്

ഗുജറാത്ത് സമാചാര്‍ ഉടമയെ ഇഡി അറസ്റ്റ് ചെയ്തു

Update: 2025-05-16 11:26 GMT

അഹമ്മദാബാദ്: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രമുഖ പത്രമായ ഗുജറാത്ത് സമാചാറിന്റെ ഉടമകളില്‍ ഒരാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത നടപടി വിവാദത്തില്‍. വ്യാഴാഴ്ച രാത്രി വൈകിയാണ് ബാഹുബലി ഷായെ ഇഡി കസ്റ്റഡിയിലെടുത്തതെന്ന് പത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പത്രം വിമര്‍ശനാത്മകമായി എഴുതിയതിന്റെ പേരിലാണ് ഷായെ ഇഡി കസ്റ്റഡിയിലെടുത്തതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 'ആദായനികുതി വകുപ്പിന്റെ ഒരു ഓപ്പറേഷന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബാഹുബലി ഷായെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരെ പത്രം നടത്തിയ വിമര്‍ശനാത്മകമായ എഴുത്താണ് അദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നിലെ യഥാര്‍ത്ഥ കാരണം,' ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശക്തിസിങ് ഗോഹില്‍ പറഞ്ഞു.

അതേസമയം ഷായ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കായി വിഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് രാത്രിയില്‍ സൈഡസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യ-പാക് സംഘര്‍ഷത്തെക്കുറിച്ച് ഗുജറാത്ത് സമാചാര്‍ റിപ്പോര്‍ട്ട് ചെയ്തതാണ് അദ്ദേഹത്തെ ലക്ഷ്യം വയ്ക്കാന്‍ കാരണമെന്ന് എക്സിലെ ഒരു പോസ്റ്റില്‍ ഗോഹില്‍ ആരോപിച്ചു.

'സത്യത്തിനുവേണ്ടി നിലകൊള്ളുന്നവരെ ശിക്ഷിക്കുക എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. ആരായാലും അധികാരത്തിനെതിരെ പ്രമുഖ ഗുജറാത്തി പത്രമായ ഗുജറാത്ത് സമാര്‍ എപ്പോഴും നിലകൊണ്ടിട്ടുണ്ട്. സമീപകാലത്തെ ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി മോദിയെയും വിമര്‍ശിച്ചത് കേന്ദ്രത്തിന് പിടിച്ചില്ല. ഗുജറാത്ത് സമാചാറിനും അവരുടെ ടെലിവിഷന്‍ ചാനലായ ജിഎസ്ടിവിക്കും പുറമേ മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ക്കും മേല്‍ ആദായനികുതി (ഐടി), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തി. ഗുജറാത്ത് സമാചാര്‍ ഉടമ ബാഹുബലിഭായ് ഷായെ അറസ്റ്റ് ചെയ്തു'' ഗോഹില്‍ കുറിച്ചു.

'മൂന്ന് ആഴ്ച മുമ്പ് മാതൃപിതാവ് സ്മൃതിബെന്നിന്റെ മരണത്തെത്തുടര്‍ന്ന് കുടുംബം ദുഃഖത്തില്‍ മുഴുകിയിരിക്കുമ്പോഴാണ് റെയ്ഡുകള്‍ നടന്നത്. നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ളയാളാണ് ബാഹുബലി ഷാ. മോദി സര്‍ക്കാരിന്റെ മിതത്വമില്ലായ്മയെ ശക്തമായി അപലപിക്കുന്നു. അവരവരുടെ ജോലി ചെയ്യുന്ന മാധ്യമങ്ങളെ ക്രൂരമായാണ് ലക്ഷ്യം വയ്ക്കുന്നത്. എല്ലാ മാധ്യമങ്ങളും ഗോദി മീഡിയ അല്ലെന്നും ആത്മാവ് വില്‍ക്കാന്‍ തയ്യാറല്ലെന്നും ബിജെപി മനസ്സിലാക്കണം.ഗുജറാത്ത് സമാചാറിനും അധികാരത്തോട് സത്യം പറയുന്ന എല്ലാ മാധ്യമങ്ങള്‍ക്കും ഒപ്പമാണ് ഞാനെന്നും ഗോഹില്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News