മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളിൽ 'അംബാനി' ബി.ജെ.പി എം.എൽ.എ; 3,300 കോടി രൂപയുടെ ആസ്തിയുമായി പരാഗ് ഷാ
മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. നാമനിർദേശക പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ചൊവ്വാഴ്ചയായിരുന്നു. തെരഞ്ഞെടുപ്പിനായി നവംബർ നാല് ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
നാമനിർദ്ദേശ പട്ടിക സമർപ്പണം അവസാനിച്ചതോടെ സ്ഥാനാർഥികളുടെ ആസ്തി പുറത്ത് വന്നു. ഇതി ചിലരുടെയെങ്കിലും ആസ്തി ജനങ്ങളിൽ കൗതുകം ഉണ്ടാക്കിയേക്കാം. ഇപ്പോഴിതാ സ്ഥാനാർഥികൾക്കിടയിൽ 'അംബാനി'യെക്കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ബി.ജെ.പി എം.എൽ.എ പരാഗ് ഷായാണ് ആസ്തിയിൽ മുന്നിൽ. 3,300 കോടി രൂപയാണ് ഷായ്ക്കുള്ള വരുമാനം.
2019ലെ നിയമസഭ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികൾക്കിടയിൽ സമ്പത്തിൽ ഇദ്ദേഹത്തിന് തന്നെയായിരുന്നു മുന്നിൽ. അഞ്ചുവർഷം മുമ്പ് 550.62 കോടിയുടെ ആസ്തിയുണ്ടെന്നായിരുന്നു വെളിപ്പെടുത്തിയിരുന്നത്. മഹാരാഷ്ട്രയിലെ ഖട്കൊപാർ ഈസ്റ്റിൽ നിന്നാണ് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത്.
മാൻ ഇൻഫ്രാകൺസ്ട്രക്ഷൻ ലിമിറ്റഡിന്റെ സ്ഥാപകനായ പരാഗ് റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്നാണ് രാഷ്ട്രീയത്തിലേക്ക് ചുവട് മാറിയത്. 2002ലാണ് ഇദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 2017 ഫെബ്രുവരിയിൽ ഛട്കൊപാർ ഈസ്റ്റിൽ നിന്ന് ബി.ജെ.പി മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.
സമ്പന്ന സ്ഥാനാർത്ഥി പട്ടികയിലെ രണ്ടാമതുള്ളത് മംഗൾ പ്രഭാത് ലോധയാണ്. 447കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. പ്രതാപ് സർനെയ്ക്, രാഹുൽ നർവേകർ, സുഭാഷ് ഭോയ്ർ എന്നിവരും പട്ടികയിലുണ്ട്.
നിർണായകമായ തിരഞ്ഞെപ്പാണ് മഹാരാഷ്ട്രയിൽ വരാനിരിക്കുന്നത്. 288 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണ-പ്രതിപക്ഷ സഖ്യങ്ങളിൽ നിന്നായി 8000 സ്ഥാനാർഥികൾ പത്രിക നൽകിക്കഴിഞ്ഞു. ഭരണത്തിലുണ്ടായിരുന്ന ശിവസേനയും മുതിർന്ന നേതാവായ ശരദ് പവാറിന്റെ എൻ.സി.പിയും രണ്ടായി പിളർന്നിരുന്നു. പിളർന്ന രണ്ട് പാർട്ടികളും ബി.ജെ.പിക്കൊപ്പം ചേർന്നു. തിരഞ്ഞെടുപ്പ് നവംബർ 20നാണ് നടക്കുന്നത്.