'ഡല്‍ഹിയിലെയും ബംഗാളിലെയും പ്രായമായവരോട് ക്ഷമ ചോദിക്കുന്നു; എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയില്ല'; ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് ഇരു സംസ്ഥാനങ്ങളിലും നടപ്പാക്കാത്തത് മനുഷ്യത്വരഹിതമെന്ന് പ്രധാനമന്ത്രി
രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി പെരുമാറുന്നത് മനുഷ്യത്വരഹിതം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെയും പശ്ചിമ ബംഗാളിലെയും 70 വയസ്സിന് മുകളിലുള്ള എല്ലാ വയോജനങ്ങളോടും ചൊവ്വാഴ്ച ക്ഷമാപണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുഷ്മാന്‍ ഭാരത് യോജനയില്‍ പങ്കെടുക്കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തെ തുടര്‍ന്ന് ഡല്‍ഹിയിലെയും പശ്ചിമ ബംഗാളിലെയും മുതിര്‍ന്ന പൗരന്മാര്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ പങ്കാളികളാകുന്നില്ല. രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ മതിലുകള്‍ ഈ രണ്ടു സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നത് തടസ്സപ്പെടുത്തി എന്ന് പ്രധാനമന്ത്രി പറഞ്ഞു.
പദ്ധതി ഇരുസംസ്ഥാനങ്ങളിലും നടപ്പാക്കാതിരിക്കുന്നതിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. വരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ ഡല്‍ഹിയിലെയും പശ്ചിമബംഗാളിലെയും പ്രായമായവരോട് ക്ഷമ ചോദിക്കുകയാണ്. നിങ്ങള്‍ കഷ്ടത്തിലാകുമെന്ന് എനിക്കറിയാം. പക്ഷേ എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയില്ല, ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മോശം ആരോഗ്യസ്ഥിതിയുള്ളവരോട് രാഷ്ട്രീയതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി പെരുമാറുന്നത് മനുഷ്യത്വരഹിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചികിത്സയ്ക്ക് വേണ്ടി ആളുകള്‍ സ്ഥലവും സ്വര്‍ണവും വരെ വില്‍ക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഗുരുതരമായ രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. പണമില്ലാത്തതിന്റെ പേരില്‍ സാധാരണക്കാര്‍ക്ക് ചികിത്സ ലഭ്യമാകാതിരിക്കരുത്. എന്റെ സഹോദരന്മാരെയും സഹോദരിമാരെയും ഈ നിസഹായവസ്ഥയില്‍ കാണാന്‍ എനിക്ക് കഴിയില്ല. അതിനാലാണ് ആയുഷ്മാന്‍ ഭാരത് എന്ന ആശയം പിറന്നത്, പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ നാല് കോടിയോളം ആളുകള്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. കുടുംബത്തിന്റെ വാര്‍ഷികവരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
നാലരക്കോടി കുടുംബങ്ങളിലെ ആറുകോടിയോളം മുതിര്‍ന്ന പൗരന്മാര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഒരു കുടുംബത്തില്‍ ഒന്നിലധികം മുതിര്‍ന്ന പൗരരുണ്ടെങ്കില്‍ അത് പങ്കുവെക്കും. നിലവില്‍ ഇന്‍ഷുറന്‍സുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന പൗരര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. സമ്പന്ന-ദരിദ്ര ഭേദമില്ലാതെ 70 കഴിഞ്ഞ ആര്‍ക്കും അംഗങ്ങളാവാം.
ഡല്‍ഹി, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവയൊഴികെ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ആധാര്‍ കാര്‍ഡ് പ്രകാരം 70 വയസ്സോ അതില്‍ കൂടുതലോ ഉള്ള ആര്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാം.