ബിഹാറില്‍ ജനതാദള്‍ യുവിനും ആര്‍ജെഡിക്കും ബിജെപിക്കും ബദല്‍; ജന്‍ സുരാജ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും പാര്‍ട്ടി മത്സരിക്കും; മദ്യ നിരോധനം എടുത്തുകളയും എന്നും പ്രഖ്യാപനം

ജന്‍സുരാജ് പാര്‍ട്ടി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോര്‍;

Update: 2024-10-02 12:08 GMT

പാറ്റ്‌ന: മുന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുകൊണ്ട് തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ജന്‍ സുരാജ് കൂട്ടായ്മയെ രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റിയതോടെ ജന്‍ സുരാജ് പാര്‍ട്ടി എന്നറിയപ്പെടും. ബിഹാറിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും പാര്‍ട്ടി മത്സരിക്കും. മദ്യ നിരോധനം എടുത്തുകളയും എന്നതാണ് സുപ്രധാന പ്രഖ്യാപനം.

കഴിഞ്ഞ രണ്ടുവര്‍ഷം ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിച്ചവരാകും ആരാണ് പാര്‍ട്ടിയെ നയിക്കേണ്ടതെന്ന് തീരുമാനിക്കുക, പ്രശാന്ത് കിഷോര്‍ നേരത്തെ നയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി പ്രശാന്ത് കിഷോര്‍ ബിഹാറിലുടനീളം സഞ്ചരിച്ച് യഥാര്‍ഥ തിരഞ്ഞെടുപ്പ് അജണ്ട എന്താവണം എന്നതിനെ കുറിച്ച് ബോധവത്കരണം നടത്തിവരികയായിരുന്നു. ജാതി, വോട്ടാനുകൂല്യങ്ങള്‍ക്കപ്പുറം, ഭാവിയിലേക്കുള്ള ദര്‍ശനമായിരിക്കണം തിരഞ്ഞെടുപ്പ് അജണ്ട തീരുമാനിക്കേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ജനങ്ങള്‍ക്ക് പുതിയൊരു ബദല്‍ ആണ് ജന്‍ സുരാജ് വാഗ്ദാനം ചെയ്യുന്നതെന്ന് പ്രശാന്ത് കിഷോര്‍ ഈ വര്‍ഷമാദ്യം പറഞ്ഞിരുന്നു. ' ബിഹാറില്‍ കഴിഞ്ഞ 25-30 വര്‍ഷമായി ജനങ്ങള്‍ ആര്‍ജെഡിക്കോ ബിജെപിക്കോ ആണ് വോട്ടുചെയ്യുക. ഈയൊരു സാഹചര്യം മാറണം. ഇതിനുബദല്‍ ഏതെങ്കിലും കുടുംബാധിപത്യ പാര്‍ട്ടി ആകരുത്, പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മ ആകണം', പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു.

നിതീഷ് കുമാറിന്റെ ജെഡിയുവിന് ഒപ്പവും, ഹ്രസ്വകാലം കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിനായും ചെലവഴിച്ച ശേഷമാണ് പ്രശാന്ത് കിഷോര്‍ ജന്‍ സുരാജ് പാര്‍ട്ടി രൂപീകരിക്കാന്‍ ഇറങ്ങി തിരിച്ചത്. ബിഹാറികളുടെ ജീവിത നിലവാരം ഉയര്‍ത്താനായി ഓരോ ഗ്രാമവും സന്ദര്‍ശിച്ച് ബോധവത്കരണം നടത്തുമെന്നും ദിശാബോധമില്ലാത്ത നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വോട്ടുചെയ്യാതിരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Similar News