'പ്രധാനമന്ത്രി മോദിയുടെ ഉത്തരവാദിത്തം 'മുഖ്യമന്ത്രി മോദി'യ്ക്ക് നന്നായിട്ട് അറിയാം'; പ്രതിപക്ഷത്തിരിക്കുമ്പോൾ വാചാലൻ, ഇപ്പോൾ മാധ്യമങ്ങളിൽ നിന്ന് ഓടി ഒളിക്കുന്നു; പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

Update: 2025-11-12 07:04 GMT

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരവാദിത്തം 'മുഖ്യമന്ത്രി മോദി'യേക്കാൾ നന്നായി ആർക്കും തുറന്നുകാട്ടാൻ കഴിയില്ലെന്നായിരുന്നു ഖാർഗെയുടെ പരിഹാസം. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ മോദിയുടെ പ്രസംഗത്തിന്‍റെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ഖാർഗെ ഈ ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റുള്ളവരുടെ ഉത്തരവാദിത്തത്തെക്കുറിച്ച് സംസാരിക്കുന്ന മോദി, അധികാരത്തിലെത്തിയപ്പോൾ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിമർശനം.

"മുഖ്യമന്ത്രിയായ മോദിയേക്കാൾ നന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരവാദിത്തം തുറന്നുകാണിക്കുന്ന മറ്റാരുമില്ല," ഖാർഗെ സോഷ്യൽ മീഡിയയിൽ കുറിച്ചു. "ഉത്തരവാദിത്തം മറ്റുള്ളവർക്ക് മാത്രം ബാധകമായ ഒന്നായി അദ്ദേഹം കാണുന്നു. പ്രതിപക്ഷത്തിരിക്കുമ്പോൾ ഉത്തരവാദിത്തത്തെക്കുറിച്ച് വാചാലനാകുന്നയാൾ, പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ അതിൽനിന്ന് ഒഴിഞ്ഞുമാറുന്നു. അദ്ദേഹം ഒരു ഒളിച്ചോട്ടക്കാരനാണ്. വാർത്താസമ്മേളനങ്ങൾ ഒഴിവാക്കുകയും പാർലമെന്‍റിനെ അവഗണിക്കുകയും വിഷയങ്ങളിൽനിന്ന് വ്യതിചലിച്ചുകൊണ്ട് ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നു."

നേരത്തെ ഡൽഹി ബോംബാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രിയങ്ക് ഖാർഗെ വിമർശിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രിയായിരിക്കും അമിത് ഷായെന്നും, മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയുടെ ആഭ്യന്തരമന്ത്രിക്കുമേൽ എന്തുകൊണ്ട് ഉത്തരവാദിത്തം വരുന്നില്ലെന്നും രാഷ്ട്രീയം കളിക്കാൻ മാത്രമാണോ അദ്ദേഹം അവിടെയുള്ളതെന്നും ഖാർഗെ ചോദ്യമുന്നയിച്ചു.

Tags:    

Similar News