എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല; ഞാൻ അഭ്യർത്ഥിച്ചു എന്നിട്ടും അദ്ദേഹം തിരിഞ്ഞു കളഞ്ഞു; ഞാൻ ഒന്നും ചെയ്തില്ല; മിണ്ടാതെ ഇരിക്കുകയായിരുന്നു; രാഹുൽ ഗാന്ധിയെ സ്പീക്കർ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് പരാതി; വിമർശനവുമായി പ്രതിപക്ഷം
ഡല്‍ഹി: സ്പീക്കർക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. ലോക്സഭയിൽ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. പക്ഷെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്നാൽ സംസാരിക്കാൻ അനുവദിക്കുന്നതാണ് സഭയിലെ എപ്പോഴുമുള്ള ചട്ടം. പക്ഷെ തന്നെ സംസാരിക്കൻ അനുവദിച്ചില്ലെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ...
"എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. സംസാരിക്കാൻ അനുവദിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു, പക്ഷേ അദ്ദേഹം (സ്പീക്കർ) തിരിഞ്ഞുകളഞ്ഞു. ഇങ്ങനെയല്ല സഭ നടത്തേണ്ടത്. ഞാൻ എഴുന്നേൽക്കുമ്പോഴെല്ലാം സംസാരിക്കാൻ അനുമതി നല്‍കിയില്ല. നമ്മൾ പറയാൻ ആഗ്രഹിക്കുന്നത് നമുക്ക് പറയാൻ അനുവാദമില്ല. ഞാൻ ഒന്നും ചെയ്തില്ല. നിശബ്ദനായി ഇരിക്കുകയായിരുന്നു.
കുറച്ച് ദിവസമായി ഇത് തന്നെയാണ് അവസ്ഥ. ഇതൊരു പുതിയ തന്ത്രമാണ്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണിത്. പ്രധാനമന്ത്രി കുംഭമേളയെക്കുറിച്ച് സംസാരിച്ചപ്പോള്‍, തൊഴിലില്ലായ്മയെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ഞാൻ ആഗ്രഹിച്ചു, പക്ഷേ എന്നെ അനുവദിച്ചില്ല. സ്പീക്കറുടെ സമീപനം എന്താണെന്ന് എനിക്കറിയില്ല, ഇത് ജനാധിപത്യവിരുദ്ധമായ പ്രവർത്തന രീതിയാണ്'' രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അതേസമയം, ഇതുസംബന്ധിച്ച് സ്പീക്കർക്ക് പരാതി നൽകി. 70 പ്രതിപക്ഷ എംപിമാരെ സ്പീക്കറെ കാണുകയും ചെയ്തു.