'സ്വപ്നം കാണണമെങ്കിൽ നിങ്ങൾ അമിത് ഷായുടെയോ മകനായിരിക്കണം'; ബാറ്റ് പിടിക്കാൻ പോലും അറിയാത്ത ജയ് ഷായാണ് ഐസിസിയുടെ തലപ്പത്ത്; എല്ലാത്തിനും ഉത്തരം പണം; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഐസിസി ചെയർമാൻ ജയ് ഷായെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനി, അംബാനി പോലുള്ള വ്യവസായികളുടെ മക്കൾക്ക് മാത്രമേ വലിയ സ്വപ്നങ്ങൾ കാണാൻ അവകാശമുള്ളൂവെന്നും, എങ്ങനെ ബാറ്റ് പിടിക്കണമെന്ന് പോലും അറിയാത്ത ജയ് ഷാ ക്രിക്കറ്റിന്റെ സകലമാന കാര്യങ്ങളും നിയന്ത്രിക്കുന്നത് പണത്തിന്റെ സ്വാധീനം കൊണ്ടാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ബിഹാറിലെ ഭഗൽപൂരിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ജയ് ഷാക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. നവംബർ 11-ന് വോട്ടെടുപ്പ് നടക്കുന്ന ഭഗൽപൂരിൽ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ഈ പരാമർശം. "നിങ്ങൾ അദാനിയുടേയോ അംബാനിയുടേയോ അമിത് ഷായുടേയോ മകനാണെങ്കിൽ മാത്രമേ വലിയ സ്വപ്നങ്ങൾ കാണാൻ നിങ്ങൾക്ക് അവകാശമുള്ളൂ. എങ്ങനെ ബാറ്റ് പിടിക്കണമെന്ന് പോലും അറിയാത്ത ജയ് ഷായാണ് ഇന്ന് ഐ.സി.സിയെ നയിക്കുന്നത്. അയാൾ ക്രിക്കറ്റിലെ എല്ലാം നിയന്ത്രിക്കുന്നു. എന്തുകൊണ്ടാണ് അയാൾ എല്ലാം നിയന്ത്രിക്കുന്നത്? അതിന് പണം എന്ന ഉത്തരം മാത്രമേയുള്ളൂ," രാഹുൽ ഗാന്ധി പറഞ്ഞു.
ജയ് ഷായുടെ ക്രിക്കറ്റ് ഭരണ രംഗത്തേക്കുള്ള കടന്നുവരവ് 2009-ൽ അഹമ്മദാബാദിലെ സെൻട്രൽ ബോർഡ് ഓഫ് ക്രിക്കറ്റിന്റെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായാണ് തുടങ്ങിയത്. 2013 സെപ്റ്റംബറിൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ (ജി.സി.എ) ജോയിന്റ് സെക്രട്ടറിയായി നിയമിതനായി. ഈ കാലയളവിൽ, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് അന്നത്തെ ജി.സി.എ പ്രസിഡന്റായിരുന്ന പിതാവ് അമിത് ഷായോടൊപ്പം അദ്ദേഹം മേൽനോട്ടം വഹിച്ചു.
2015-ൽ ഷാ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) ധനകാര്യ, മാർക്കറ്റിംഗ് കമ്മിറ്റികളിൽ അംഗമായി. പിന്നീട് ബി.സി.സി.ഐ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2021-ൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായി. 2024 ഡിസംബർ വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു. ഇതിനു പിന്നാലെയാണ് 2024 ഡിസംബറിൽ ഐ.സി.സി തലപ്പത്തേക്കും ജയ് ഷായുടെ സ്ഥാനലബ്ധിയുണ്ടായത്. പാവപ്പെട്ട ജനങ്ങളുടെ ഭൂമി അദാനി, അംബാനി പോലുള്ള വ്യവസായികൾക്ക് കേന്ദ്രസർക്കാർ സമ്മാനമായി നൽകുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
