കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്ക് ജാമ്യം
ജാർഖണ്ഡ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. ജാർഖണ്ഡ് ചൈബാസയിലെ ജനപ്രതിനിധികളുടെ കോടതിയാണ് ജാമ്യം നല്‍കിയത്. 2018 ല്‍ രാഹുല്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. കൊലപാതകക്കേസ് ഉള്ളവർക്കും ബിജെപി പ്രസിഡന്റുമാരാകാം എന്ന പ്രസംഗത്തിലെ പരാമര്‍ശമാണ് വിവാദമയത്. പ്രതാപ് കാട്ടിയാര്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്.
ജാമ്യത്തിനായി രാഹുൽ കോടതിയിൽ നേരിട്ട് ഹാജരായി. ഒരു റാലിയിലാണ് രാഹുൽ അമിത് ഷായ്‌ക്കെതിരെ കേസിനാസ്പദമായ പരാമർശം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് രാഹുലിനോട് നേരത്തെ തന്നെ ജൂണ് 26 ന് കോടതിയിൽ ഹാജരാകണമെന്ന് ആവിശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ച് അത് ആഗസ്റ്റ് 6 ലേക്ക് മാറ്റുകയായിരുന്നു.
ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കോടതിയിൽ ഹാജരായതെന്നും നടപടിക്രമങ്ങളുമായി മുന്നോട്ട് കൊണ്ടുപോകുമെന്നും രാഹുലിന്‍റെ അഭിഭാഷകൻ പ്രണവ് ദരിപ പറഞ്ഞു. കേസ് മാനനഷ്ടവുമായി ബന്ധപ്പെട്ടതാണെന്നും 2018 ൽ രജിസ്റ്റർ ചെയ്തതാണെന്നും അഭിഭാഷകൻ പറഞ്ഞു. ഉത്തർ പ്രദേശ്, മധ്യ പ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലും രാഹുൽ ഗാന്ധിക്കെതിരെ ഇത്തരം സമാനമായ കേസുകളെടുത്തിട്ടുണ്ട്.