ഡിജിറ്റല്‍ പതിപ്പുകള്‍ നല്‍കാത്തത് എന്ത്? വീഡിയൊ ദൃശ്യം നല്‍കാത്തത് എന്ത്? ബിജെപിയുടെ ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നത് എന്തിന്? തെരഞ്ഞെടുപ്പ് കമ്മീഷനോട് അഞ്ച് ചോദ്യങ്ങളുമായി വീണ്ടും രാഹുല്‍; രേഖാമൂലം പരാതി നല്കിയില്ലെങ്കില്‍ മാപ്പു പറയണമെന്ന് കമ്മീഷന്‍

അഞ്ച് ചോദ്യങ്ങളുമായി വീണ്ടും രാഹുല്‍

Update: 2025-08-08 09:15 GMT

ബംഗളൂരു: വോട്ട് കൊള്ളയിലൂടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായതെന്നും വോട്ടര്‍ പട്ടികയുടെ പൂര്‍ണരൂപം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിടണമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അട്ടിമറിയിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് പ്രഹരമേറ്റു. തിരഞ്ഞെടുപ്പു ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടുകൊള്ള നടത്തുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് ബെംഗളൂരുവില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ അടിസ്ഥാനമൂല്യം ഒരാള്‍ക്ക് ഒരു വോട്ടെന്നതാണ്. അത് അട്ടിമറിക്കപ്പെട്ടു. വോട്ട് കൊള്ളയ്ക്ക് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ഉദാഹരണമാണെന്ന് രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയെങ്കിലും 4 മാസം കഴിഞ്ഞ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം ബിജെപിക്ക് ആയിരുന്നു.

ഒരു കോടി പുതിയ വോട്ടര്‍മാര്‍ മഹാരാഷ്ട്രയില്‍ വോട്ടു ചെയ്തു. പുതിയ വോട്ടര്‍മാര്‍ വന്ന സ്ഥലങ്ങളിലെല്ലാം ബിജെപി വിജയിച്ചു. പുതിയ ആളുകളുടെ വോട്ടെല്ലാം ബിജെപിക്കാണ് പോയത്. പരിശോധനയില്‍, കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടു കുറഞ്ഞില്ലെന്നു കണ്ടെത്തി. ലോക്‌സഭയില്‍ ലഭിച്ച വോട്ട് നിയമസഭയിലും കോണ്‍ഗ്രസിനു ലഭിച്ചു. അപ്പോഴാണ് വോട്ടുകൊള്ള നടന്നതായി സംശയം തോന്നിയതെന്നും രാഹുല്‍ പറഞ്ഞു

കര്‍ണാടകയില്‍ കൂടുതല്‍ ലോക്‌സഭാ സീറ്റില്‍ വിജയിക്കേണ്ടതായിരുന്നെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് തോറ്റതാണോ തോല്‍പിക്കപ്പെട്ടതാണോയെന്ന് രാഹുല്‍ ചോദിച്ചു. ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിലെ കണക്കുകള്‍ ഉദാഹരണമാക്കിയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. എട്ട് നിയമസഭാ മണ്ഡലങ്ങളുള്ള ഇവിടെ ഏഴിടത്തും കോണ്‍ഗ്രസിന് 82,000 വോട്ടുകളാണ് ഭൂരിപക്ഷം ലഭിച്ചത്. മഹാദേവപുര മണ്ഡലത്തില്‍ മാത്രം 1.14ലക്ഷത്തിന്റെ ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചു. തുടര്‍ന്നാണ് ഓപ്പറേഷന്‍ മഹാദേവപുര എന്ന പേരില്‍ കോണ്‍ഗ്രസ് അന്വേഷണം ആരംഭിച്ചത്. മഹാദേവപുര മണ്ഡലത്തില്‍ മാത്രം 1,00,250 വോട്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായി കോണ്‍ഗ്രസ് പറയുന്നു.

വിജയിക്കാമായിരുന്ന പല തെരഞ്ഞെടുപ്പുകളും പരാജയപ്പെട്ടതോടെയാണ് താന്‍ അന്വേഷണം തുടങ്ങിയതെന്ന് ഇന്ന് പുറത്തുവിട്ട വിഡിയോയില്‍ രാഹുല്‍ പറയുന്നു. ഒരു മണ്ഡലം പഠിക്കാന്‍ തന്നെ ആറു മാസം എടുത്തു. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ ഉടന്‍ ഡിജിറ്റല്‍ ഡേറ്റ കൈമാറണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പ് കമ്മീഷനോട് അഞ്ച് ചോദ്യങ്ങളും രാഹുല്‍ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യദ്രോഹം നടത്തുന്നുവെന്ന് ഇന്ന് പുറത്തു വിട്ട വിഡിയോയില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.

1. ഡിജിറ്റല്‍ പതിപ്പുകള്‍ നല്‍കാത്തത് എന്ത്?

2. വീഡിയൊ ദൃശ്യം നല്‍കാത്തത് എന്ത്?

3. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ ലിസ്റ്റില് വ്യാപക ക്രമക്കേട് നടത്തിയത് എന്തിന്?

4. മറുപടി തരാതെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിന്?

5. ബിജെപിയുടെ ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നത് എന്തിന്?

അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷനും രാഹുല്‍ ഗാന്ധിക്കും ഇടയിലെ തര്‍ക്കം രൂക്ഷമാകുകയാണ്. ബീഹാറിലെ എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതി നല്കാന്‍ രാഹുല്‍ കാത്തിരിക്കുകയാണെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പരിഹസിച്ചു.രാഹുല്‍ ഗാന്ധി രേഖാമൂലം പരാതി നല്കിയില്ലെങ്കില്‍ മാപ്പു പറയണം . രാഹുല്‍ നേരിട്ട് ഒരു വിഷയത്തിലും ഇതുവരെ നേരിട്ട് പരാതി നല്കിയിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍ക്കു ശേഷം ചില സംസ്ഥാനങ്ങളിലെ ഇ വോട്ടര്‍ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു എന്ന് പരാതി. മഹാരാഷ്ട്ര, ബീഹാര്‍, ഹരിയാന മധ്യപ്രദേശ് രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ വെബ്‌സൈറ്റില്‍ പട്ടിക തുറക്കാനാകുന്നില്ല എന്നാണ് പരാതി. ഒന്നും ഒളിക്കാനില്ലെങ്കില്‍ പട്ടിക പിന്‍വലിച്ചതെന്തിനെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ഫാക്ട് ചെക്ക് എന്ന പേരില്‍ രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപമാനിക്കുന്നതിലും കടുത്ത പ്രതിഷേധം ഇന്ത്യ സഖ്യം അറിയിച്ചു.

Tags:    

Similar News