താന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്നിനുപോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയില്ല; മോദിയും അമിത്ഷായും നിര്‍ദേശിച്ചത് പ്രകാരം വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തു; പാവപ്പെട്ടവന്റെ കൈയില്‍ കൈയില്‍ മിച്ചമുണ്ടായിരുന്ന വോട്ടും തട്ടിയെടുത്തു; മറുപടിയുമായി രാഹുല്‍ ഗാന്ധി

പാവപ്പെട്ടവന്റെ കൈയില്‍ കൈയില്‍ മിച്ചമുണ്ടായിരുന്ന വോട്ടും തട്ടിയെടുത്തു; മറുപടിയുമായി രാഹുല്‍ ഗാന്ധി

Update: 2025-08-17 16:33 GMT

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മോദിയും അമിത്ഷായും നിര്‍ദേശിച്ചത് പ്രകാരമാണ് വോട്ടര്‍ പട്ടികയില്‍ നിന്നും കമ്മീഷന്‍ വ്യാപകമായി പേരുകള്‍ നീക്കം ചെയ്തതെന്നും താന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്നിനുപോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ പാവപ്പെട്ടവന്റെ കൈയില്‍ വോട്ട് മാത്രമായിരുന്നു മിച്ചം ഉണ്ടായിരുന്നത്. അതും ഇപ്പോള്‍ തട്ടിയെടുത്തിരിക്കുന്നു. മോദിയും അമിത്ഷായും നിര്‍ദേശിച്ചത് പ്രകാരമാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാപകമായി കമ്മീഷന്‍ പേരുകള്‍ നീക്കം ചെയ്തത്. ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാമെന്ന നിയമ നിര്‍മ്മാണം ആര്‍ക്കുവേണ്ടിയാണ് നടത്തിയത്. ഒരു കേസ് പോലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നല്‍കാന്‍ കഴിയാത്ത വിധം കാര്യങ്ങള്‍ അട്ടിമറിച്ചു.

എന്തൊക്കെ സംഭവിച്ചാലും ഒരടി പോലും പിന്നോട്ട് പോകില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്ത സമ്മേളനം കണ്ടിരുന്നു. താന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്നിനുപോലും മറുപടിയില്ല. വോട്ട് മോഷണം ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചോരി ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്ന് വൈകിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്തസമ്മേളനം വിളിച്ചത്.

വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. ആരോപണങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധി വോട്ടര്‍മാരുടെ സ്വകാര്യത ലംഘിക്കുകയാണ് ചെയ്തതെന്നും ആരോപണങ്ങളില്‍ അന്വേഷണം നടത്തില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.

വോട്ടര്‍പട്ടികയില്‍ വീട്ടുനമ്പറിന് നേരെ '0' എന്ന് ചേര്‍ത്തതില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സ്വന്തമായി വീടില്ലാത്ത ഒട്ടേറെ പേര്‍ രാജ്യത്തുണ്ടെന്നും അവര്‍ക്ക് വീട്ടുനമ്പര്‍ രേഖപ്പെടുത്താന്‍ സാധിക്കാത്തതുകൊണ്ടാണ് '0' എന്ന് നല്‍കിയിരിക്കുന്നതെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം.

പാലങ്ങള്‍ക്കടിയില്‍, തെരുവുവിളക്കിന് കീഴെ, നഗരങ്ങളിലെ അനധികൃത കോളനികളില്‍ ഒക്കെ കിടന്നുറങ്ങുന്ന നിരവധി പേര്‍ രാജ്യത്തുണ്ട്. ഒരു വോട്ടറെ പോലും ഒഴിവാക്കാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ളവര്‍ക്കാണ് ഇങ്ങനെയുള്ള വിലാസം നല്‍കിയിരിക്കുന്നത് എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി. വോട്ടിന് വിലാസം ആയിരുന്നില്ല മാനദണ്ഡം, ദേശീയത, ബൂത്ത്, പ്രായപൂര്‍ത്തി എന്നതായിരുന്നു മാനദണ്ഡമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ 'വോട്ട് ചോരി' ആരോപണങ്ങളെ മുഴുവനായും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. വോട്ട് കൊള്ള എന്ന ആരോപണം തെറ്റാണെന്നും വോട്ടര്‍മാരുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ പുറത്തുവിട്ടത് സ്വകാര്യത ലംഘനമാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണെന്നും കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരു വോട്ടറുടെ പേര് ഒന്നില്‍ കൂടുതല്‍ ഇടങ്ങളില്‍ ഉണ്ടാകാം, എന്നാല്‍ ഒരിടത്ത് മാത്രമേ വോട്ട് ചെയ്യൂ. രണ്ടിടത്ത് വോട്ട് ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് കമ്മിഷന്‍ പറഞ്ഞു. വ്യാജ വോട്ട് ആരോപിച്ചവര്‍ തെളിവ് ഹാജരാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബിഹാറില്‍ കഴിഞ്ഞ 6 മാസത്തില്‍ 22 ലക്ഷം പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കി. വോട്ടര്‍പട്ടികയുടെ പവിത്രത ജനങ്ങള്‍ക്ക് ഉറപ്പു വരുത്താന്‍ വേണ്ടി തീവ്രമായ പുനരവലോകനം നടത്തുകയായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി. ഇത് കഴിഞ്ഞ 20 വര്‍ഷത്തിനിടെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങളായിരുന്നുവെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

ബിജെപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും വോട്ടുമോഷണം നടത്തി എന്നുമായിരുന്നു രാഹുല്‍ ഗാന്ധി ആരോപിച്ചത്. കര്‍ണാടകയിലെ ഒരു മണ്ഡലത്തില്‍ മാത്രം വന്‍ അട്ടിമറി നടന്നു. മഹാരാഷ്ട്രയില്‍ അസാധാരണ പോളിങ് നടന്നു. 5 മണി കഴിഞ്ഞ് വോട്ടിങ് ശതമാനം കുതിച്ചുയര്‍ന്നു. 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ എത്തിയെന്നും വീട്ടുനമ്പര്‍ 0 എന്ന വിലാസത്തിലും ഒട്ടേറെ പേര്‍ വന്നുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

അഞ്ച് മാര്‍ഗങ്ങളിലൂടെയാണ് രാജ്യത്ത് വോട്ടുമോഷണം നടന്നത്. വോട്ടര്‍ പട്ടികയില്‍ വ്യാജവിലാസങ്ങളുള്ള ഒട്ടേറെ പേര്‍ ഉണ്ടായിരുന്നു എന്നും രാഹുല്‍ പറഞ്ഞു. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ പലമാര്‍ഗങ്ങളിലൂടെ മോഷ്ടിച്ചു. 25 സീറ്റുകളില്‍ ബിജെപി ജയിച്ചത് 33000-ല്‍ താഴെ വോട്ടുകള്‍ക്ക്. അധികാരം ഉറപ്പാക്കിയത് 25 സീറ്റുകളിലെ അട്ടിമറിയിലൂടെ. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ നയം മാറ്റിയെന്നും തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

Tags:    

Similar News