'ജമ്മു കശ്മീരിൽ സുരക്ഷയും സമാധാനവും സ്ഥാപിക്കുന്നതിൽ ബിജെപി വീഴ്ച വരുത്തി, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം'; ജമ്മു കശ്മീരിലെ സുരക്ഷാ വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജമ്മു കശ്മീരിലെ സുരക്ഷാ വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം ഗുൽമാർഗിൽ സൈനിക വാഹനത്തിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികരും പോർട്ടർമാരും കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു വിമർശനം.
ജമ്മു കശ്മീരിൽ സുരക്ഷയും സമാധാനവും സ്ഥാപിക്കുന്നതിൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാരിൻ്റെ നയങ്ങൾ പൂർണമായും പരാജയപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി തുടർച്ചയായ തീവ്രവാദ പ്രവർത്തനങ്ങൾ കാരണം സംസ്ഥാനം അപകടത്തിൻ്റെ നിഴലിലാണ് ജീവിക്കുന്നതെന്നും രാഹുൽ ഗാന്ധി തന്റെ എക്‌സിൽ കുറിച്ചു. താഴ്‌വരയിൽ സമീപകാലത്ത് വർദ്ധിച്ചുവരുന്ന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ആക്രമണങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് താഴ്വരയിൽ സമാധാനം സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. സൈന്യത്തിന്റേയും പൊതുജനങ്ങളുടേയും സുരക്ഷ കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കൂടാതെ, രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.