രാഹുല്‍ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണം പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കിയത് പോലെ; 7 വര്‍ഷം മുമ്പ് കമല്‍നാഥിന്റെ സമാന ഹര്‍ജി സുപ്രീം കോടതി തള്ളിയത് കൊണ്ട് പുതിയ തന്ത്രവുമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു; രേഖാമൂലം പരാതി നല്കിയില്ലെങ്കില് മാപ്പു പറയണം; രാഹുലിന്റെ ആരോപണങ്ങള്‍ക്ക് ഫാക്റ്റ് ചെക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി
ന്യൂഡല്‍ഹി: ബിജെപിയുമായി ഒത്തുകളിച്ച് വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഈ വാദങ്ങള്‍ 'പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍' എന്ന പോലെയെന്ന് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ഈ നീക്കം പുതിയതല്ലെന്നും, മുന്‍പും സമാനമായ അടിസ്ഥാനരഹിതമായ വാദങ്ങളുമായി അവര്‍ സുപ്രീം കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു.
2018-ല്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് നല്‍കിയ ഒരു ഹര്‍ജിയാണ് കമ്മീഷന്‍ പരാമര്‍ശിച്ചത്. 36 വോട്ടര്‍മാര്‍ക്ക് ഇരട്ട വോട്ടുണ്ടെന്ന വാദം ഉന്നയിച്ച് വോട്ടര്‍ പട്ടിക ആവശ്യപ്പെട്ടെങ്കിലും ആ പിഴവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തിരുത്തിയിരുന്നു. കോടതി ഹര്‍ജി തള്ളിക്കളയുകയും ചെയ്തു.
ആ പഴയ തന്ത്രം കോടതിയില്‍ വിലപ്പോവില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഇപ്പോള്‍ വോട്ടര്‍ പട്ടികയില്‍ ഒരേ പേരുപലവട്ടമുണ്ടെന്ന ക്രമക്കേട് ആരോപിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കമ്മീഷന്‍ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി. ആദിത്യ ശ്രീവാസ്തവ എന്ന വോട്ടരുടെ പേര് മൂന്നു വ്യത്യസ്ത സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പ്രശ്‌നം മാസങ്ങള്‍ക്ക് മുമ്പേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഹരിച്ചതാണ്. തെളിവുകള്‍ ശരിയെങ്കില്‍ പ്രതിജ്ഞാപത്രത്തില്‍ ഒപ്പിട്ട് രേഖാമൂലം പരാതി നല്‍കാന്‍ രാഹുല്‍ തയ്യാറാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ചു.
പേരുകളും വിലാസങ്ങളും ഇരട്ടിക്കുന്നത് ഒഴിവാക്കാന്‍ സ്‌കാനിങ് സാധ്യമാകുന്ന ഫോര്‍മാറ്റില്‍ വോട്ടര്‍ പട്ടിക നല്‍കണമെന്ന രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും ആവശ്യത്തെയും കമ്മീഷന്‍ വിമര്‍ശിച്ചു. മെഷീന് വായിക്കാന്‍ കഴിയുന്ന വോട്ടര്‍ പട്ടിക വേണമെന്ന ആവശ്യം കോടതി തീര്‍പ്പാക്കിയതാണെന്നും, അതേ വിഷയം വീണ്ടും ഉന്നയിക്കുന്നത് സുപ്രീം കോടതിയോട് രാഹുലിനുള്ള അനാദരവാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പിഡിഎഫ് ഫയലായി പ്രസിദ്ധീകരിക്കാന്‍ ബാധ്യസ്ഥരാണെന്നും എന്നാല്‍, സ്‌കാന്‍ ചെയ്യാവുന്ന രേഖ പുറത്തിറക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി 2018 ല്‍ വിധിച്ചിരുന്നു. ഏതു ഫോര്‍മാറ്റില്‍ വോട്ടര്‍ പട്ടിക ഇറക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കമ്മീഷനുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ പരമോന്നത നീതിപീഠം തീര്‍പ്പാക്കിയ ഒരു വിഷയത്തില്‍ ആവര്‍ത്തിച്ചുള്ള വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാണെന്നും കമ്മീഷന്‍ വിലയിരുത്തി.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യദ്രോഹം നടത്തുന്നുവെന്ന് ഇന്ന് പുറത്തു വിട്ട വിഡിയോയില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിഹാറിലെ എഫ്‌ഐആറില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതി നല്‍കാന്‍ രാഹുല്‍ കാത്തിരിക്കുകയാണെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ തിരിച്ചടിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി രേഖാമൂലം പരാതി നല്കിയില്ലെങ്കില് മാപ്പു പറയണമെന്നും രാഹുല്‍ നേരിട്ട് ഒരു വിഷയത്തിലും ഇതുവരെ നേരിട്ട് പരാതി നല്കിയിട്ടില്ലെന്നും കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തെളിവുകള്‍ ശരിയെങ്കില്‍ പ്രതിജ്ഞാപത്രത്തില്‍ ഒപ്പിട്ട് രേഖാമൂലം പരാതി നല്‍കാന്‍ രാഹുല്‍ തയ്യാറാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ചു.