'ഹിന്ദു-മുസ്ലിം, ഹിന്ദു-മറാത്തി വികാരങ്ങളിൽ ജനങ്ങളെ തളച്ചിട്ടു'; രാജ്യത്തെ അദാനിക്ക് തീറെഴുതിക്കൊടുക്കുന്നു; ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രാജ് താക്കറെ
മുംബൈ: ബി.ജെ.പി സർക്കാർ രാജ്യത്തിന്റെ ഭൂസ്വത്ത് ഗൗതം അദാനിക്ക് തീറെഴുതിക്കൊടുക്കുകയാണെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെ ആരോപിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ അദാനിയുടെ വ്യവസായ സാമ്രാജ്യത്തിനുണ്ടായ വളർച്ച വിശദീകരിക്കുന്ന ഒരു വീഡിയോ പ്രദർശിപ്പിച്ചുകൊണ്ടാണ് രാജ് താക്കറെ ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞായറാഴ്ച മുംബൈയിലെ ശിവജി പാർക്കിൽ നടന്ന എം.എൻ.എസ്- ശിവസേന (യു.ബി.ടി) സംയുക്ത റാലിയിലാണ് ഈ സംഭവം.
ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലായിരുന്നു രാജ് താക്കറെയുടെ പ്രസംഗവും വീഡിയോ പ്രദർശനവും. ഹിന്ദു-മുസ്ലിം, ഹിന്ദു-മറാത്തി വികാരങ്ങളിൽ ജനങ്ങളെ തളച്ചിട്ട് ബി.ജെ.പി സർക്കാർ രാജ്യത്തിന്റെ സ്വത്തുക്കൾ അദാനിക്ക് കൈമാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 2014 വരെ അദാനിയുടെ വ്യവസായം പരിമിതമായിരുന്നുവെന്നും എന്നാൽ ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ സിമന്റ് നിർമാണം, വിമാനത്താവളം, തുറമുഖം, വൈദ്യുതി വിതരണം, പുനർനിർമാണം തുടങ്ങിയ മേഖലകളിലേക്ക് അദാനിയുടെ വ്യവസായം അതിവേഗം വ്യാപിച്ചുവെന്നും രാജ് താക്കറെ ചൂണ്ടിക്കാട്ടി.
2014-ന് ശേഷം മുംബൈയുൾപ്പെടെ മഹാരാഷ്ട്രയിൽ അദാനി ഗ്രൂപ്പിന് വൻതോതിൽ പദ്ധതികളും ഭൂമിയും ലഭിച്ചതായും രാജ് താക്കറെ വിശദീകരിച്ചു. താരാപുർ ആണവോർജ പദ്ധതി, തുൻഗരേശ്വർ വന്യജീവി സങ്കേതം, ബാന്ദ്ര പുനരധിവാസ പദ്ധതി, ടിട്‌വാല, മൊഹാനെ, അമ്പിവലി, ഷഹദ് എന്നിവിടങ്ങളിലെ സിമന്റ് നിർമാണത്തിനായി ലഭിച്ച ഭൂമി, സ്മാർട്ട് വൈദ്യുത മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള 13,888 കോടി രൂപയുടെ പദ്ധതി എന്നിവ അതിൽപ്പെടുന്നു. മുംബൈ വിമാനത്താവളവും ധാരാവിയും അദാനിക്ക് വിൽക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വ്യവസായങ്ങൾക്കും വ്യവസായികൾക്കും താൻ എതിരല്ലെന്നും, എന്നാൽ എല്ലാ വിഭവങ്ങളും ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും രാജ് താക്കറെ വ്യക്തമാക്കി.