'ടിവികെയുടെ ആദ്യ സമ്മേളനം വിജയം'; വിജയിയെ അഭിനന്ദിച്ച് രജനികാന്ത്; കാര്‍ റേസില്‍ വിജയിച്ച അജിത്തിനെ പുകഴ്ത്തി ഉദയനിധി; ആ ആശംസയ്ക്ക് രാഷ്ട്രീയമുണ്ടെന്ന് തമിഴിസൈ; തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങളുടെ രാഷ്ട്രീയപ്പോര് മുറുകുന്നു

വിജയിയുടെ ഡിഎംകെ, ബിജെപി വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രജനീകാന്ത്

Update: 2024-10-31 09:54 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച് സൂപ്പര്‍ താരം വിജയ് രംഗത്തിറങ്ങിയതോടെ രാഷ്ട്രീയപ്പോര് സിനിമാ താരങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങളായി മാറുന്നു. രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വിജയ് നടത്തിയ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് പിന്തുണയും ആശംസയുമായി സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് എത്തിയതോടെയാണ് രാഷ്ട്രീയപ്പോരിന് പല മാനങ്ങള്‍ കൈവന്നിരിക്കുന്നത്.

വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം വിക്രവാണ്ടിയില്‍ നടത്തിയ ആദ്യ സംസ്ഥാന സമ്മേളനം വന്‍ വിജയമായിരുന്നുവെന്നാണ് രജനീകാന്ത് അഭിപ്രായപ്പെട്ടത്. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എല്ലാവര്‍ക്കും എന്റെ ദീപാവലി ആശംസകള്‍. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ. വിജയ്യുടെ ആദ്യ സംസ്ഥാന സമ്മേളനം തീര്‍ച്ചയായും ഒരു വലിയ വിജയമായിരുന്നു, അദ്ദേഹത്തിന് എന്റെ ആശംസകള്‍' രജനീകാന്ത് പറഞ്ഞു.

ഇത് രജനീകാന്തിന് വിജയോടുള്ള നിലപാടാണ് വ്യക്തമാക്കിയത്. അതേസമയം, അജിത്തിനുള്ള തന്റെ ആശംസാസന്ദേശത്തില്‍ രാഷ്ട്രീയമുണ്ടെന്ന ബിജെപി നേതാവ് തമിഴിസൈയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഉദയനിധി സ്റ്റാലിനും രംഗപ്രവേശനം ചെയ്തതോടെ രാഷ്ട്രീയത്തിലെ സിനിമ പോരിന് പുതിയ മാനങ്ങള്‍ കൈവന്നു. ഡിഎംകെ - ടിവികെ പോരിന് വഴിയൊരുക്കാന്‍ തമിഴിസൈ നടത്തിയ നീക്കങ്ങള്‍ക്കുള്ള മറുപടിയാണ് ഉദയനിധി നല്‍കിയത്. തമിഴിസൈയെ പോലെ പണിയില്ലാതെ ഇരിക്കയാണോ താന്‍ എന്നായിരുന്നു ഉദയനിധിയുടെ മറുപടി.

ദീപാവലി ആശംസകള്‍ നേരാനെത്തിയ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് വിജയിയെ അഭിനന്ദിച്ച് രജനികാന്ത് പരാമര്‍ശം നടത്തിയത്. എന്നാല്‍ ടിവികെ അധ്യക്ഷന്റെ ഡിഎംകെ, ബിജെപി വിമര്‍ശനങ്ങളില്‍ നിന്ന് രജനീകാന്ത് ഒഴിഞ്ഞുമാറുകയും ചെയ്തു. കാറോട്ട മത്സരങ്ങളിലേക്കേുള്ള സൂപ്പര്‍താരം അജിത്തിന്റെ തിരിച്ചുവരവില്‍ താന്‍ ആശംസകള്‍ നേര്‍ന്നത് വിജയിയെ പ്രകോപിപ്പിക്കാനെന്ന ബിജെപി നേതാവ് തമിഴിസൈ സൌന്ദര്‍രാജന്റെ ആരോപണം ഉദയനിധി സ്റ്റാലിന്‍ തള്ളുകയും ചെയ്തു.

അവരെ പോലെ പണി ഇല്ലാതെ ഇരിക്കയാണോ താനെന്നാണോ കരുതുന്നതെന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം. വിജയിയും ഡിഎംകെയും തമ്മിലുള്ള പോര് കടുപ്പിക്കാനുള്ള കെണിയില്‍ നിന്ന് ഒഴിഞ്ഞുമാറിയ ഉദയനിധി, തമിഴ്‌നാട് ബിജെപിക്കുള്ളില്‍ തമിഴിസൈ നേരിടുന്ന അവഗണന കൂടി ഓര്‍മ്മിപ്പിച്ചാണ് മുനവച്ച വാക്കുകളില്‍ തിരിച്ചടിച്ചത്.

കഴിഞ്ഞ ദിവസമാണ് ഉദയനിധി സ്റ്റാലിന്‍ എക്സ് പ്ലാറ്റ്ഫോമില്‍ അജിത്തിന് ആശംസകള്‍ അറിയിച്ചത്. ''പ്രശസ്ത ദുബായ് റേസില്‍ പങ്കെടുക്കാന്‍ പോകുന്ന നടനും സുഹൃത്തുമായ അജിത് കുമാറിന് ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കുന്നു. 'അജിത് കുമാര്‍ റേസിംഗ്' യൂണിറ്റിന്റെ കാര്‍, ഹെല്‍മെറ്റ് എന്നിവയില്‍ ഞങ്ങളുടെ തമിഴ്നാട് സ്പോര്‍ട്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ലോഗോ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്' ഉദയനിധി പറഞ്ഞു.

'ആഗോളതലത്തില്‍ തമിഴ് നാടിനെ പ്രതിനിധീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അജിത്തിന് തമിഴ്നാട് കായിക വികസന വകുപ്പിന്റെ പേരില്‍ നന്ദി അറിയിക്കുന്നു. കൂടാതെ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികള്‍ക്കും ഫോര്‍മുല 4 ചെന്നൈ റേസിംഗ് സ്ട്രീറ്റ് സര്‍ക്യൂട്ട് പോലുള്ള പദ്ധതികള്‍ക്കും അജിത്ത് പിന്തുണ നല്‍കിയതിന് ഞങ്ങളുടെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു' പിന്നീട് ഉദയനിധി തുടര്‍ന്നു.

കായികരംഗത്ത് ആഗോളതലത്തില്‍ തമിഴ്‌നാടിനെ ഉയര്‍ത്താന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. കാര്‍ റേസില്‍ വിജയിച്ച് തമിഴ്‌നാടിന് അഭിമാനം പകര്‍ന്നതിന് ആശംസകള്‍, എന്നാണ് ഉദയനിധി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഈ പോസ്റ്റ് വൈറലായതോടെ വിജയ്യെ എതിര്‍ക്കുന്നതിന്റെ ഭാഗമാണോ ഉദയനിധി അജിത്തിനെ പിന്തുണയ്ക്കുന്നത് എന്ന ചോദ്യവുമായി ചില നെറ്റിസണ്‍സ് രംഗത്ത് എത്തി. കൂടാതെ, അജിത്തിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമമുണ്ടോ എന്ന് പോസ്റ്റിലെ 'ദ്രാവിഡ മോഡല്‍' എന്ന വാക്ക് അടക്കം ഉദ്ധരിച്ച് ചിലര്‍ ചോദിച്ചു.

അടുത്തിടെ തന്റെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ നടന്‍ വിജയ് ഭരണകക്ഷിയായ ഡിഎംകെയെ പരസ്യമായി രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അജിത്തിന് പിന്തുണ അറിയിച്ചും ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ പരാമര്‍ശമുള്ള അജിത്തിനെ അഭിനന്ദിച്ച പോസ്റ്റ് ചര്‍ച്ചയാകുന്നത്.

Tags:    

Similar News