'ഇന്ത്യ ആരെയും ശത്രുവായി കാണുന്നില്ല; സംരംഭകരുടെ താൽപ്പര്യമാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം; ഒരു സമ്മർദ്ദത്തിനും ഞങ്ങൾ വഴങ്ങില്ല..അത് ഉറപ്പാണ്..!!'; തീരുവ വിവാദങ്ങൾക്കിടെ പ്രതികരിച്ച് മന്ത്രി രാജ്നാഥ് സിങ്
ഡൽഹി: ലോക രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും, രാജ്യങ്ങളുടെ സ്ഥിരം താൽപ്പര്യങ്ങൾ മാത്രമേയുള്ളൂ എന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രസ്താവിച്ചു. അമേരിക്കയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചതും ചൈനയുമായി കൂടുതൽ അടുക്കുന്നതുമായ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രിയുടെ ഈ പ്രസ്താവന. ഇന്ത്യയുടെ വിദേശ നയവും തന്ത്രങ്ങളും സ്വാശ്രയത്വത്തിൽ അധിഷ്ഠിതമാണെന്നും, ഏതൊരു ആഗോള സമ്മർദ്ദത്തെയും അതിജീവിച്ച് രാജ്യം കൂടുതൽ ശക്തമായി ഉയർത്തെഴുന്നേൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഹമ്മദാബാദിൽ നടന്ന എൻഡിടിവി ഡിഫൻസ് സമ്മിറ്റ് 2025-നെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രതിരോധ മന്ത്രി. ഏതൊരു രാജ്യത്തെയും ശത്രുവായി കാണുന്നില്ലെന്നും, ഇന്ത്യയുടെ കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "കൂടുതൽ സമ്മർദ്ദം ചെലുത്തുന്തോറും പാറ കൂടുതൽ ശക്തമാകുമെന്നതുപോലെ, ഇന്ത്യയുടെ മേൽ ചെലുത്തുന്ന ഏതൊരു സമ്മർദ്ദവും രാജ്യത്തെ കൂടുതൽ ശക്തമാക്കുകയേയുള്ളൂ," രാജ്‌നാഥ് സിങ് പറഞ്ഞു.
നേരത്തെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ 50% തീരുവകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. രാജ്യത്തിൻ്റെ ക്ഷേമത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, കർഷകർ, ചെറുകിട വ്യവസായികൾ, കടയുടമകൾ, കന്നുകാലി വളർത്തുന്നവർ, സാധാരണ പൗരന്മാർ എന്നിവരുടെ താൽപ്പര്യങ്ങൾക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.