മഹാരാഷ്ട്രയിൽ പശുക്കൾക്ക് 'രാജ്യമാതാ' പദവി; പ്രമേയം പുറത്തിറക്കി ഏകനാഥ് ഷിൻഡെ സർക്കാർ; തീരുമാനം നിയമസഭ തിരഞ്ഞെടുപ്പ് മുന്നോടിയായി

Update: 2024-10-01 05:57 GMT

മുംബൈ: സ്വദേശി പശുക്കള്‍ക്ക് രാജ്യമാതാ പദവി നല്‍കി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍. ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ഒപ്പിട്ട പ്രമേയത്തിലൂടെയാണ് പ്രഖ്യാപനം നിലവില്‍വന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ പശുവിനുള്ള ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യം അടിവരയിടുന്നതാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നാടൻ പശുക്കളുടെ എണ്ണം അതിവേഗം കുറയുന്നതിനാൽ പശുക്കളെ വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനു കൂടി വേണ്ടിയാണ് തീരുമാനമെന്ന് അതികൃതർ അറിയിച്ചു. എന്നാൽ നിയസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സർക്കാർ നടത്തിയൊരു പ്രധാന തീരുമാനം കൂടിയാണിത്.

പ്രാചീനകാലം മുതലേ മനുഷ്യജീവിതത്തിൻ്റെ പ്രധാന ഭാഗമാണ് പശുക്കൾ. ചരിത്രപരവും ശാസ്ത്രീയവും ആത്മീയവുമായ പ്രാധാന്യം കണക്കിലെടുത്താണ് പശുവിന് 'കാമധേനു' എന്ന പേര് നൽകിയിരിക്കുന്നത്. രാജ്യത്തുടനീളം വ്യത്യസ്ത ഇനം പശുക്കളെ ഞങ്ങൾ കാണുന്നുണ്ടെങ്കിലും എന്നിരുന്നാലും, നാടൻ പശുക്കളുടെ എണ്ണം അതിവേഗം കുറയുന്നതായും പ്രമേയത്തിൽ പറയുന്നു.

സ്വദേശി പശുക്കളെ വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിദിനം 50 രൂപ സബ്‌സിഡി നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. സബ്‌സിഡി പദ്ധതി ഓണ്‍ലൈനായാണ് നടപ്പാക്കുക എന്നും മുഖ്യമന്ത്രി അറിയിച്ചു.

വിവിധയിനം തദ്ദേശീയ പശുക്കളുടെ ആവാസകേന്ദ്രമാണ് മഹാരാഷ്ട്ര. 2019-ലെ മൃഗസെന്‍സസ് പ്രകാരം തദ്ദേശീയ ഇനം പശുക്കളുടെ എണ്ണം 46,13,632 ആയിരുന്നു. എന്നാല്‍, തൊട്ടുമുന്‍പത്തെ സെന്‍സസിനെ അപേക്ഷിച്ച് ഇത് 20.69 ശതമാനം കുറവാണ്. തദ്ദേശീയ ഇനങ്ങളെ പരിപാലിക്കാന്‍ ഗോശാലകള്‍ക്ക് പ്രതിദിനം 50 രൂപ സബ്സിഡിയായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അറിയിച്ചു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബറില്‍ നടക്കാനാണ് സാധ്യത. നവംബര്‍ 26-നാണ് നിലവിലെ സഭയുടെ കാലാവധി അവസാനിക്കുന്നത്. 288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, ബിജെപി, അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി എന്നിവ ഉൾപ്പെടുന്ന ഭരണകക്ഷിയായ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരിക്കും തിരഞ്ഞെടുപ്പ്.

Tags:    

Similar News