പണമില്ലാതെ ക്ഷേമപദ്ധതികള്‍ പാതിവഴിയില്‍; ഇതിനിടെ മന്ത്രിമന്ദിരത്തില്‍ 'മിനുക്കുപണി'ക്ക് ലക്ഷങ്ങള്‍ വാരിക്കോരി; തെലുങ്കാനയില്‍ മന്ത്രി മുഹമ്മദ് അസറുദ്ദീന്റെ വീട് നന്നാക്കാന്‍ 76 ലക്ഷം! ബഞ്ചാര ഹില്‍സിലെ 29-ാം നമ്പര്‍ മന്ത്രിമന്ദിരത്തിലെ അറ്റക്കുറ്റപ്പണി വിവാദമാകുമ്പോള്‍..
പണമില്ലാതെ ക്ഷേമപദ്ധതികള്‍ പാതിവഴിയില്‍; ഇതിനിടെ മന്ത്രിമന്ദിരത്തില്‍ 'മിനുക്കുപണി'ക്ക് ലക്ഷങ്ങള്‍ വാരിക്കോരി
ഹൈദരാബാദ്: തെലുങ്കാന സര്‍ക്കാറിനെതിരെ ധൂര്‍ത്ത് ആരോപണം. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ വാരിക്കോരി നല്‍കുകയാണ് തെലങ്കാന സര്‍ക്കാര്‍ എന്നാണ് ഉയരുന്ന ആരോപണം. ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസറുദ്ദീന്റെ വസതി നന്നാക്കാനായി മാത്രം 76 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 'പണമില്ലാത്തതിനാല്‍' പല ക്ഷേമപദ്ധതികളും പാതിവഴിയില്‍ നില്‍ക്കുമ്പോഴാണ് ഈ ധൂര്‍ത്തെന്ന് ആക്ഷേപം ശക്തമായി ഉയര്‍ത്തുന്നു.
ബഞ്ചാര ഹില്‍സിലെ 29-ാം നമ്പര്‍ മന്ത്രിമന്ദിരമാണ് മുഹമ്മദ് അസറുദ്ദീനായി ഒരുങ്ങുന്നത്. സിവില്‍ ജോലികള്‍ക്കും ശുചിമുറികളുടെ നവീകരണത്തിനുമായാണ് ഇത്രയും തുക റോഡ്-കെട്ടിട നിര്‍മാണ വകുപ്പ് വകയിരുത്തിയത്. അസറുദ്ദീന്‍ മാത്രമല്ല, ആഡംബരത്തിന്റെ കാര്യത്തില്‍ മറ്റ് മന്ത്രിമാരും പിന്നിലല്ലെന്നാണ് ഉയരുന്ന ആരോപണം. ആരോഗ്യ മന്ത്രി ദാമോദര രാജ നരസിംഹയുടെ വീടിന് അനുവദിച്ചത് 30 ലക്ഷം രൂപയാണ് ചെലവിട്ടത്. രണ്ടാഴ്ചയ്ക്കിടെ മന്ത്രിമന്ദിരങ്ങളുടെ മിനുക്കുപണിക്കായി മാത്രം സര്‍ക്കാര്‍ പൊടിച്ചത് ഒരു കോടിയിലധികം രൂപയാണ്.
ബജറ്റില്‍ ഫണ്ട് കുറവാണെന്ന് പറഞ്ഞ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതും വികസനപ്രവര്‍ത്തനങ്ങളും വൈകിപ്പിക്കുന്നതിനിടയിലാണ് ഈ സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്. കരാറുകാരുടെ കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക തീര്‍ക്കാന്‍ മടിക്കുന്നവര്‍ മന്ത്രിമാര്‍ക്കായി ഖജനാവ് തുറന്നിടുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
'സാധാരണക്കാരന്‍ വീട് വെക്കാന്‍ ലോണിനായി നെട്ടോട്ടമോടുമ്പോള്‍, മന്ത്രിമാര്‍ ലക്ഷങ്ങള്‍ മുക്കി ബാത്‌റൂം നന്നാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്' - ഒരു മുതിര്‍ന്ന പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നിലവില്‍ മന്ത്രിയായി തുടരുന്ന അസറുദ്ദീന് ആറുമാസത്തിനകം കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ഔദ്യോഗിക പദവിയിലെ കാലാവധി ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ഇത്രയും തുക വസതിക്കായി ചിലവിടുന്നതിലെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നു.