'രാഹുലിനെ ജനം അവഹേളിക്കുന്ന കാലമുണ്ടായിരുന്നു; കഠിനാധ്വാനം കൊണ്ട് അത് മാറ്റിയെടുത്തു; അനാദരവ് ആദരവാക്കി മാറ്റിയ ധീരനായ രാഷ്ട്രീയ നേതാവ്'; രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സെയ്ഫ് അലിഖാന്‍
രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന കാര്യത്തില്‍ സന്തോഷവാന്‍
മുംബൈ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍. വിമര്‍ശനങ്ങളെ കൈകാര്യം ചെയ്യാന്‍ അറിയാവുന്ന സത്യസന്ധനും ധീരനുമായ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് സെയ്ഫ് അലിഖാന്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെ പറഞ്ഞു. ഇത്തരം ധീരനും സത്യസന്ധനുമായ രാഷ്ട്രീയക്കാരനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്നാണ് ലോക്‌സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെക്കുറിച്ച് സെയ്ഫ് അലിഖാന്‍ പറഞ്ഞു.
ഭാവിയിലേക്ക് ഇന്ത്യയെ നയിക്കാന്‍ കഴിയുന്ന ധീരനായ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ഇവരില്‍ ആരെയാണ് ചിന്തിക്കുന്നത് എന്ന ചോദ്യത്തിന് അവരെല്ലാം ധീരരായ രാഷ്ട്രീയക്കാരാണെന്നാണ് സെയ്ഫ് പറഞ്ഞത്.
വിമര്‍ശനങ്ങളേയും ജനങ്ങള്‍ക്ക് തന്നോട് ഉണ്ടായിരുന്ന അനാദരവിനേയും മാറ്റിയെടുക്കാന്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ വഴി രാഹുലിന് കഴിഞ്ഞുവെന്ന് സെയ്ഫ് അലിഖാന്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി പറയുന്നതിലും ചെയ്യുന്ന കാര്യങ്ങളിലും ജനങ്ങള്‍ അവഹേളിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ അതിനെ കഠിനാധ്വാനം കൊണ്ട് അദ്ദേഹം മാറ്റിയെടുത്തു- സെയ്ഫ് അലി ഖാന്‍ പറഞ്ഞു.
ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നുമില്ല. എനിക്ക് ശക്തമായ കാഴ്ചപ്പാടുകളുണ്ടാകുമായിരുന്നെങ്കില്‍ ഞാന്‍ രാഷ്ട്രീയക്കാരനാകുമായിരുന്നു. അക്കാര്യം നിങ്ങളുമായി പങ്കുവെക്കുമായിരുന്നു. രാഷ്ട്രീയപ്രവേശനത്തിന് ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ സെയ്ഫ് അലിഖാന്‍ രാഷ്ട്രീയപരമായ ചോദ്യങ്ങളെ അവഗണിക്കുകയും ചെയ്തു. പുറമെ അരാഷ്ട്രീയവാദിയാകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന കാര്യത്തില്‍ സന്തോഷവാനാണെന്നും അക്കാര്യം രാജ്യം വ്യക്തമായി സംസാരിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സെയ്ഫ് അലിഖാന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളടക്കം വീഡിയോ പങ്കുവെക്കുന്നുണ്ട്.
ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ലെന്നും സെയ്ഫ് പറഞ്ഞിരുന്നു. 'ഒരു അരാഷ്ട്രീയക്കാരനായി ആളുകള്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രാജ്യം വളരെ വ്യക്തമായി അതിനെക്കുറിച്ച് സംസാരിച്ചുവെന്ന് ഞാന്‍ കരുതുന്നു. ഒരു കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. ആ ജനാധിപത്യം ഇന്ത്യയില്‍ സജീവവും ആഴത്തില്‍ വേരുന്നിയതുമാണ് ' സെയ്ഫ് അലി ഖാന്‍ പറഞ്ഞു.