മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപിയുടെ മുൻ വക്താവ് ഷൈന എന്‍സി ശിവസേന സ്ഥാനാര്‍ത്ഥി; മുംബാദേവി മണ്ഡലത്തിൽ നിന്നും വിധി തേടും
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുൻ വക്താവ് ഷൈന എന്‍സി ശിവസേന സ്ഥാനാര്‍ത്ഥി. മുംബാദേവി മണ്ഡലത്തിലാണ് ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം ഷൈനയെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഷൈന അടക്കം 15 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് ശിവസേന പുറത്തു വിട്ടത്.
തിങ്കളാഴ്ചയാണ് ഷൈന ശിവസേനയില്‍ ചേര്‍ന്നതിന് തൊട്ട് പിന്നാലെയാണ് മുംബാദേവി മണ്ഡലത്തില്‍ സ്ഥാനാര്ത്ഥിയാക്കിയതായി പാർട്ടി നേതൃത്വം പ്രഖ്യാപിച്ചത്. അമിന്‍ പട്ടേലാണ് മുംബാദേവിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപി മന്ത്രി റാവുസാഹേബ് ധാന്‍വേയുടെ മകള്‍ സഞ്ജന ജാദവും ശിവസേന സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
നേരത്തെ, വര്‍ളി മണ്ഡലത്തില്‍ നിന്നും മത്സരിക്കാനാണ് ഷൈന താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മുന്‍ എംപി മിലിന്ദ് ദിയോറയെ സ്ഥാനാര്‍ത്ഥിയായി ശിവസേന ഷിന്‍ഡെ പക്ഷം തീരുമാനിക്കുകയായിരുന്നു. മുംബാദേവിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മഹായുതി സഖ്യനേതാക്കള്ക്കും ഷൈന നന്ദി പറഞ്ഞു.
മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കുള്ള അസംബ്ലി തിരഞ്ഞെടുപ്പ് നവംബർ 20ന് നടക്കും. ഫലപ്രഖ്യാപനം നവംബർ 23 നാണ്.