'ശശി തരൂരിന്റെയും രാഹുല്‍ ഗാന്ധിയുടെയും രണ്ട് പ്രത്യയശാസ്ത്ര പ്രവണത; ഈ പ്രവണതയെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നം; ആളുകളെ തിരഞ്ഞെടുക്കുന്നതിനുള്ള കഴിവ് കോണ്‍ഗ്രസിനില്ല'; എക്‌സ് പോസ്റ്റ് പങ്കുവെച്ച് നിരൂപണം യാഥാര്‍ത്ഥ്യമെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍

'ശശി തരൂരിന്റെയും രാഹുല്‍ ഗാന്ധിയുടെയും രണ്ട് പ്രത്യയശാസ്ത്ര പ്രവണത

Update: 2025-12-15 03:37 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വീണ്ടും ചൊറിഞ്ഞ് ശശി തരൂര്‍. ഇക്കുറി രാഹുല്‍ ഗാന്ധിയുമായ താരതമ്യം ചെയ്തുള്ള എക്‌സ് പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് തരൂര്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ശശി തരൂരിന്റെയും രാഹുല്‍ ഗാന്ധിയുടെയും രണ്ട് പ്രത്യയശാസ്ത്ര പ്രവണതയെന്ന എക്‌സ് പോസ്റ്റാണ് തരൂര്‍ പങ്കുവെച്ചത്. കോണ്‍ഗ്രസിന് ദിശാബോധമില്ലെന്ന വിമര്‍ശനം അടങ്ങിയ പോസ്റ്റാണ് തരൂര്‍ പങ്കുവെച്ചത്.

ശശി തരൂരും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോണ്‍ഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു എന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇതിനെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നമെന്നും പോസ്റ്റില്‍ ചൂണ്ടികാട്ടുന്നു. നിരൂപണം യാഥാര്‍ത്ഥ്യത്തെ ചൂണ്ടിക്കാണിക്കുന്നു എന്നും പോസ്റ്റ് പങ്കുവെച്ച് തരൂര്‍ കുറിച്ചു.

'ശശി തരൂരും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്‌നം അവരുടെ സഹവര്‍ത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയില്‍ കൊണ്ടുപോവാനോ ഉള്ള കഴിവ് കോണ്‍ഗ്രസിനില്ല എന്നതാണ് പ്രശ്‌നം' തരൂര്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

രണ്ട് ദിവസം മുമ്പ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നിരുന്നു. പാര്‍ട്ടിയുടെ സുപ്രധാന യോഗങ്ങളില്‍ നിന്ന് തരൂര്‍ വിട്ടുനില്‍ക്കുന്നത് ആവര്‍ത്തിക്കുന്നതില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്. എംപി എന്തുകൊണ്ടാണ് യോഗത്തിന് എത്താത്തത് എന്ന് അറിയില്ലെന്നാണ് കോണ്‍ഗ്രസ് ചീഫ് വിപ്പ് പറഞ്ഞത്.

വ്‌ലാഡിമിര്‍ പുട്ടിന്റെ സന്ദര്‍ശനവേളയില്‍ രാഷ്ട്രപതി വിളിച്ച അത്താഴവിരുന്നില്‍ അടക്കം തരൂരിന്റെ സാന്നിധ്യം വലിയ ചര്‍ച്ചയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഉള്‍പ്പെടെ ക്ഷണം ഇല്ലാതിരിക്കെ ആയിരുന്നു തരൂര്‍ വിരുന്നില്‍ പങ്കെടുത്തത്. തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ച ബിജെപിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. തലസ്ഥാനത്തെ രാഷ്ടീയ മാറ്റത്തിന്റെ സൂചനയെന്ന് തരൂര്‍ സമൂഹമാധ്യമങ്ങളിലെഴുതി. എല്‍ഡിഎഫിന്റെ ഭരണമാറ്റത്തിനായി താന്‍ പ്രചാരണം നടത്തിയെങ്കിലും അതിന്റെ ഗുണം ബിജെപിക്കു ലഭിച്ചുവെന്നും തരൂര്‍ പറഞ്ഞു. സംസ്ഥാനത്ത് മികച്ച വിജയം നേടിയ യുഡിഎഫിനെയും തരൂര്‍ അഭിനന്ദിച്ചു .

ഇത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. ജനങ്ങളുടെ വിധിയെ മാനിക്കണം. അത് കേരളത്തിലെ യു.ഡി.എഫി?ന്റെ വിജയത്തിലായാലും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി നേട്ടത്തിലായാലും. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ശശി തരൂര്‍ ബി.ജെ.പിയുമായി അടക്കുകയാണെന്ന സൂചനകള്‍ക്കിടെയാണ് അദ്ദേഹം ബി.ജെ.പിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നത്.

Tags:    

Similar News