'ആദ്യ ബഹിരാകാശ സഞ്ചാരി നീൽ ആംസ്ട്രോങ് അല്ല...അത് ഹനുമാനാണ്..'; കുട്ടികളെ തെറ്റിദ്ധരിപ്പിച്ച ആ പ്രസ്താവന വിവാദത്തിൽ; അനുരാഗ് താക്കൂറിനെതിരെ പ്രതിപക്ഷവും രംഗത്തെത്തുമ്പോൾ

Update: 2025-08-26 06:12 GMT

ഡൽഹി: കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ അനുരാഗ് താക്കൂറിൻ്റെ "ഹനുമാനാണ് ആദ്യ ബഹിരാകാശ സഞ്ചാരി" എന്ന പരാമർശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഹിമാചൽ പ്രദേശിലെ ഒരു സ്കൂളിൽ നടത്തിയ പ്രസംഗത്തിലാണ് താക്കൂർ ഈ പരാമർശം നടത്തിയത്. കുട്ടികളിൽ തെറ്റിദ്ധാരണ വളർത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു.

ഹിമാചൽ പ്രദേശിലെ ഉനയിലെ സ്കൂളിൽ ശനിയാഴ്ച നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് താക്കൂർ ഇങ്ങനെ പറഞ്ഞത്. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരാണെന്ന് ചോദിച്ചപ്പോൾ കുട്ടികൾ നീൽ ആംസ്ട്രോങ് എന്ന് മറുപടി നൽകിയപ്പോൾ, ഹനുമാനാണ് ആദ്യ ബഹിരാകാശ സഞ്ചാരി എന്ന് അദ്ദേഹം തിരുത്തുകയായിരുന്നു. ബ്രിട്ടീഷുകാർ നൽകിയ പാഠപുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

ഈ പ്രസംഗത്തിൻ്റെ വീഡിയോ "ഹനുമാനാണ് ആദ്യ ബഹിരാകാശ സഞ്ചാരി" എന്ന അടിക്കുറിപ്പോടെ അനുരാഗ് താക്കൂർ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവെക്കുകയും പ്രതിപക്ഷം ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയുമായിരുന്നു.

"പുരാണങ്ങൾ ശാസ്ത്രമല്ല. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന അറിവ്, യുക്തി, ശാസ്ത്രീയ മനോഭാവം എന്നിവയെ അപമാനിക്കുന്നതിന് തുല്യമാണ്," എന്ന് ഡി.എം.കെ. എം.പി. കനിമൊഴി വിമർശിച്ചു. "കുട്ടികളിൽ ആശയക്കുഴപ്പമുണ്ടാക്കുകയല്ല, ജിജ്ഞാസ വളർത്തുകയാണ് വേണ്ടത്. അത് തന്നെയാണ് ഇന്ത്യയുടെ ഭാവിക്കും നല്ലത്," കനിമൊഴി കൂട്ടിച്ചേർത്തു.

"നരേന്ദ്ര മോദി ആദ്യ ബഹിരാകാശ യാത്രികനാണെന്ന് താക്കൂർ പറയാത്തത് ഭാഗ്യമായി കരുതുന്നു," എന്ന് പഞ്ചാബ് പി.സി.സി. അധ്യക്ഷനും പരിഹാസ രൂപേണ പ്രതികരിച്ചു.

Tags:    

Similar News