തമിഴ്നാട് നിയമസഭയില്‍ ദേശീയഗാനം ആലപിച്ചില്ല; നയപ്രഖ്യാപന പ്രസംഗം നടത്താതെ സഭവിട്ട് ഗവര്‍ണര്‍; മതുടര്‍ച്ചയായി മൂന്നാം തലവണയും നയപ്രഖ്യാപനത്തില്‍ ഉടക്ക്
ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നയപ്രഖ്യാപന പ്രസംഗത്തില് വിവാദം. ഗവര്‍ണര്‍ ആര്‍.എന്‍. രവി നയപ്രഖ്യാപന പ്രസംഗം നടതതാതെ സഭ വിട്ടു. ദേശീയഗാനം ആലപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണര്‍ പ്രസംഗിക്കാതെ ഇറങ്ങിപ്പോയയത്. തമിഴ്‌നാട്ടിലെ കീഴ്വഴക്കമനുസരിച്ച് നിയമസഭയില്‍ സംസ്ഥാന ഗീതമായ തമിഴ് തായ്‌വാഴ്ത്താണ് ആലപിക്കാറുള്ളത്.
എന്നാല്‍ ഇതിനു ശേഷം ദേശീയ ഗാനം ആലപിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയും സ്പീക്കറും തയാറായില്ലെന്ന് രാജ്ഭവന്‍ പറയുന്നു. ഭരണഘടനയേയും ദേശീയഗാനത്തെയും അവഹേളിക്കുന്ന ഒരിടത്ത് തനിക്ക് നില്‍ക്കാന്‍ കഴിയില്ല എന്നു പറഞ്ഞ് ഗവര്‍ണര്‍ ഇറങ്ങിപ്പോകുകയാണുണ്ടായത്.
''തമിഴ്നാട് നിയമസഭയില്‍ ഇന്ന് വീണ്ടും ഭാരതത്തിന്റെ ഭരണഘടനയും ദേശീയഗാനവും അവമതിക്കപ്പെട്ടു. ദേശീയഗാനത്തെ അംഗീകരിക്കുക എന്നത് നമ്മുടെ ഭരണഘടനയില്‍ നിര്‍ദേശിക്കുന്ന ഒന്നാമത്തെ അടിസ്ഥാന കടമയാണ്. ഗവര്‍ണറുടെ പ്രസംഗത്തിന്റെ ആരംഭത്തിലും അവസാനത്തിലും ദേശീയഗാനം ആലപിക്കണം. ഇന്ന് ഗവര്‍ണര്‍ എത്തിയപ്പോള്‍ തമിഴ്ത്തായ് വാഴ്ത്തുക്കള്‍ മാത്രമാണ് ആലപിച്ചത്. ദേശീയഗാനം ആലപിക്കാനായി മുഖ്യമന്ത്രിയെടും നിയമസഭാ സ്പീക്കറോടും അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍ അവര്‍ തയാറായില്ല. ഇത് വളരെ ആശങ്കാജനകമായ കാര്യമാണ്. ഭരണഘടനയും ദേശീയഗാനവും അവമതിക്കപ്പെടുന്നു എന്നതിനാല്‍ ഗവര്‍ണര്‍ കടുത്ത വേദനയോടെ നിയമസഭ വിട്ടു'' -രാജ്ഭവന്‍ എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷവും നയപ്രഖ്യാപനം വായിച്ചുവെന്നെങ്കിലും വരുത്തിയിരുന്ന ഗവര്‍ണര്‍, ഇത്തവണ അതിനുപോലും മുതിരാതെയാണ് നിയമസഭാ മന്ദിരത്തില്‍നിന്ന് ഇറങ്ങിപ്പോയത്. രണ്ട് മിനിറ്റ് മാത്രമാണ് ഗവര്‍ണര്‍ നിയമസഭയില്‍ നിന്നത്. സഭയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ ഡി.എം.കെ സഖ്യ എം.എല്‍.എമാര്‍ സഭയില്‍ പ്രതിഷേധിക്കുകയും ചെയ്തു. സ്പീക്കര്‍ സ്വീകരിച്ച് നിയമസഭക്ക് അകത്തേക്ക് ഗവര്‍ണര്‍ എത്തിയതിനു പിന്നാലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തി. അതേസമയം നിയമസഭക്ക് പുറത്ത്, അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസില്‍ നടപടി വൈകുന്നതില്‍ എ.ഐ.എ.ഡി.എം.കെ പ്രതിഷേധിച്ചു.