തമിഴ്‌നാട്ടിൽ സ്ത്രീകള്‍ ഇപ്പോൾ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു; സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണം;കുറ്റക്കാര്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കണം; സര്‍ക്കാരിനെതിരെ തുറന്നടിച്ച് എടപ്പാടി പളനിസ്വാമി
ചെന്നൈ: തമിഴ്‌നാട്ടിൽ ഇപ്പോൾ സ്ത്രീകള്‍ തുടര്‍ച്ചയായി അക്രമിക്കപ്പെടുന്നതില്‍ പ്രതികരിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി രംഗത്ത്. ഡിഎംകെ യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗീകാതിക്രമങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാനം തകരാറിലാണെന്നാണ് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണം. തമിഴ്നാട്ടിലെ റോഡുകളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല.
പെണ്‍കുട്ടികള്‍ക്ക് സ്കൂളിലെക്കോ കോളേജിലെക്കോ ഒഫീസിലെക്കോ പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. സ്ത്രീകള്‍ക്ക് ട്രെയിനിൽ പോലും സുരക്ഷിതരായി സഞ്ചരിക്കാന്‍ സാധിക്കുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത് നാണക്കേടുണ്ടാക്കുന്നതാണ്.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഗര്‍ഭിണിയായ സ്ത്രീക്കെതിരെ ഉണ്ടായ പീഡന ശ്രമത്തില്‍ പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഡിഎംകെ സര്‍ക്കാര്‍ സ്ത്രീ സുരക്ഷയില്‍ പ്രത്യേക പരിഗണന നല്‍കാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.