ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ തമിഴ് തായ് വാഴ്ത്ത് ഗാനവിവാദം; സംസ്ഥാന ഗാനത്തെ അപമാനിച്ചെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍; സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് ആര്‍ എന്‍ രവി; തെറ്റുപറ്റിയതില്‍ മാപ്പുപറഞ്ഞ് ദൂരദര്‍ശന്‍

മാപ്പുപറഞ്ഞ് ദൂരദര്‍ശന്‍

Update: 2024-10-18 18:07 GMT

ചെന്നൈ: ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ, തമിഴ്‌നാട് ഗവര്‍ണര്‍ മുഖ്യാതിഥിയായ ദൂരദര്‍ശന്‍ ചടങ്ങില്‍ സംസ്ഥാന ഗാനത്തെ അപമാനിച്ചെന്ന് ആക്ഷേപം. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് പ്രതികരിച്ച രാജ്ഭവന്‍ മുഖ്യമന്ത്രി വംശീയമായി അധിക്ഷേപിച്ചുവെന്നും ആരോപിച്ചു. വിവാദത്തില്‍ ദൂരദര്‍ശന്‍ മാപ്പ് പറഞ്ഞു.

തമിഴ് തായ് വാഴ്ത്തിനോട് മനപൂര്‍വം അനാദരവ് കാണിച്ചിട്ടില്ലെന്നാണ് ഡിഡി തമിഴ് വിശദീകരണം. സംസ്ഥാന ഗാനത്തിലെ ഒരു വരി പാടിയപ്പോള്‍ വിട്ടുപോയത് ശ്രദ്ധക്കുറവ് മൂലമാണ്. ഗവര്‍ണര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ചുമാണ് ഡിഡി തമിഴ് വാര്‍ത്താക്കുറിപ്പിറക്കിയിരിക്കുന്നത്. സംസ്ഥാന ഗാനത്തിലെ ദ്രാവിഡ നാട് എന്നുള്ള വരി ഒഴിവാക്കിയതാണ് വിവാദത്തിന് കാരണമായത്.

സ്റ്റാലിനെതിരെ തമിഴ്‌നാട് ഗവര്‍ണര്‍ രംഗത്തെത്തി. മുഖ്യമന്ത്രി വംശീയമായി അധിക്ഷേപിച്ചെന്ന് ആര്‍എന്‍ രവി ആരോപിച്ചു. ഭരണഘടന പദവിയുടെ വില കളഞ്ഞെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. ചെന്നൈ ദൂരദര്‍ശന്റെ സുവര്‍ണജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഹിന്ദി മാസാചരണ പരിപാടിയാണ് ഗവര്‍ണര്‍, സര്‍ക്കാര്‍ പോരിന് വഴിതുറന്നത്. പരിപാടി ഒഴിവാക്കണമെന്ന് ആവശ്യരപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി സ്റ്റാലിന്‍ കത്തയച്ചിരുന്നു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു. പ്രാദേശിക ഭാഷകള്‍ക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളില്‍ ഇത്തരം ചടങ്ങ് നടത്തരുത്. നടത്തിയാല്‍ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും കത്തില്‍ പറഞ്ഞിരുന്നു. ദൂരദര്‍ശന്‍ കേന്ദ്രത്തിനു മുന്നില്‍ പ്രതിഷേധവുമായി ഡിഎംകെ വിദ്യാര്‍ത്ഥി വിഭാഗം രംഗത്തെത്തി. ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളികളും ഉണ്ടായി. ഗവര്‍ണര്‍ ഗോ ബാക്ക് എന്ന് വിളിച്ചായിരുന്നു പ്രതിഷേധം.

ഹിന്ദിയില്‍ സ്വാഗതപ്രസംഗം തുടങ്ങിയ ഗവര്‍ണര്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ഹിന്ദിക്ക് വലിയ സ്വീകാര്യത ഉണ്ടെന്ന് പറഞ്ഞു. തന്നേക്കാള്‍ നന്നായി ഹിന്ദി സംസാരിക്കുന്നവര്‍ ആണ് തമിഴ്നാട്ടിലെ വിദ്യാര്‍ഥികള്‍. തമിഴ്നാട്ടില്‍ എത്തിയപ്പോള്‍ ആണ് തന്റെ തെറ്റിധാരണ മാറിയത്. അടിച്ചേല്പിക്കേണ്ട ഭാഷയല്ല ഹിന്ദി. സ്വാതന്ത്ര്യത്തിന് ശേഷവും ഇംഗ്ലീഷ് ഭാഷയുടെ അടിമകളായി നമ്മള്‍ തുടര്‍ന്നു.

തമിഴ്നാടിനെ ഇന്ത്യയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. തമിഴ്നാട്ടിലെ സര്‍വകലാശാലകളില്‍ നിന്ന് സംസ്‌കൃതം ഒഴിവാക്കി. ഇതു വിഘടനവാദികളുടെ അജണ്ടയാണ്. ഭാരതത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് അവര്‍ മനസിലാക്കണം. തമിഴ്നാട് ഇന്ത്യയുടെ സാംസ്‌കാരിക -ആധ്യാത്മിക തലസ്ഥാനമാണ്. വിഘടനവാദ നയങ്ങള്‍ക്ക് ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

തമിഴിന്റെ പ്രചാരണത്തിനായി ഏറ്റവും കൂടുതല്‍ അധ്വാനിച്ചത് മോദിയാണ്. തമിഴ് ഭാഷയെ മുതലെടുത്തുള്ള രാഷ്ട്രീയം വിജയിക്കില്ല. മലയാളത്തിന് പോലും പ്രവേശനം അനുവദിക്കാത്ത സംസ്ഥാനം ആണ് തമിഴ്നാട്. മദ്രാസ് സംസ്ഥാനം ആയിരുന്നപ്പോള്‍ ആശയവിനിമയത്തിന് തടസ്സം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് തമിഴ്നാടിനെ അകറ്റി നിര്‍ത്തുന്നു. തമിഴ്നാടിന്റെ ചരിത്രത്തെ അവഹേളിക്കുകയാണ് അവരെന്നും പറഞ്ഞ ഗവര്‍ണര്‍ തമിഴ് ഭാഷാവാദത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

Tags:    

Similar News