'കണ്ടാൽ..വെടിവെച്ച് കൊല്ലും..'; രാഹുൽ ഗാന്ധിക്കും ആ 25 എംപിമാർക്കെതിരെയും വധഭീഷണി; സോഷ്യൽമീഡിയയിലൂടെ വെല്ലുവിളി; ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ്
ജയ്പുർ: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് 25 എംപിമാരെയും വെടിവെച്ചുകൊല്ലുമെന്ന് സാമൂഹികമാധ്യമ വീഡിയോയിലൂടെ ഭീഷണിമുഴക്കിയ ഒരാളെ രാജസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തു. വലതുപക്ഷസംഘടനയായ കർണിസേനയുടെ വക്താവാണെന്ന് സൂചനയുണ്ടായിരുന്ന രാജ് സിങ് എന്നയാളെയാണ് കോട്ടയിൽനിന്ന് പിടികൂടിയത്.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ രാഹുൽ ഗാന്ധിയും മറ്റ് 25 എംപിമാരും ആക്ഷേപിച്ച് സംസാരിച്ചതിൽ ബിജെപിയുടെയും കർണിസേനയുടെയും പ്രവർത്തകർ രോഷാകുലരാണെന്ന് വീഡിയോയിൽ രാജ് സിങ് അവകാശപ്പെട്ടിരുന്നു. ഇനി സമാനമായ സംഭവങ്ങളുണ്ടായാൽ എംപിമാരുടെ വീടുകൾ തല്ലിത്തകർക്കുമെന്നും രാജ് സിങ് ഭീഷണിപ്പെടുത്തി.
ലോക്‌സഭാ സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മിലുണ്ടായ വിവാദം രാഹുൽ ഗാന്ധിയുടെ ആജ്ഞാനുസരണമാണെന്ന് വിശ്വസിക്കുന്നതായും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ രാഹുൽ ഗാന്ധിയെ വീട്ടിൽക്കയറി വെടിവെച്ചുകൊല്ലുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകി. ആ എംപിമാരെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം അവരെ ഒന്നിനുപിറകെ ഒന്നായി വെടിവെച്ചുകൊല്ലുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി.
ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് രാജ് സിങ്ങിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, രാജ് സിങ്ങുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപിയും കർണിസേനയും അറിയിച്ചു. പൊതുപ്രവർത്തകർക്കെതിരെ ഉയർന്ന ഈ വധഭീഷണിയിൽ നിയമനടപടികൾ തുടരുകയാണ്.