അണ്ണാ ഡി.എം.കെ പുറത്താക്കിയ കെ.എ. ശെങ്കോട്ടയന്‍ ടി.വി.കെയില്‍; ഊഷ്മള സ്വീകരണം നല്‍കി വിജയ്; ശെങ്കോട്ടയന്റെ രാഷ്ട്രീയ പരിചയം പാര്‍ട്ടിക്ക് വലിയ ശക്തിയെന്ന് നടന്‍ വിജയ്

അണ്ണാ ഡി.എം.കെ പുറത്താക്കിയ കെ.എ. ശെങ്കോട്ടയന്‍ ടി.വി.കെയില്‍

Update: 2025-11-27 08:25 GMT

ചെന്നൈ: അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.എ. ശെങ്കോട്ടയന്‍ നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തില്‍ (ടി.വി.കെ). അണ്ണാ ഡി.എം.കെയില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ എം.എല്‍.എയാണ് ശെങ്കോട്ടയന്‍. കെ.എ. ശെങ്കോട്ടയന്റെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ് രംഗത്തെത്തി. ശെങ്കോട്ടയന്റെ രാഷ്ട്രീയ പരിചയം പാര്‍ട്ടിക്ക് വലിയ ശക്തിയെന്ന് വിജയ് വിഡിയോ സന്ദേശത്തില്‍ പ്രതികരിച്ചു.

ബുധനാഴ്ച കെ.എ. ശെങ്കോട്ടയന്‍ എം.എല്‍.എ പദവി രാജിവെച്ച് സ്പീക്കര്‍ക്ക് കത്ത് കൈമാറിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച വൈകീട്ട് കെ.എ. ശെങ്കോട്ടയന്‍ ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ് യുമായി ചെന്നൈ പട്ടിനപാക്കത്തുള്ള വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

എം.ജി.ആറിന്റെ നേതൃത്വത്തില്‍ അണ്ണാ ഡി.എം.കെ രൂപവത്കരിച്ചതിനു ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സത്യമംഗലം നിയമസഭ മണ്ഡലത്തില്‍ നിന്ന് ജയിച്ച ശെങ്കോട്ടയന്‍ പിന്നീട് എട്ടു തവണ ഈറോഡ് ജില്ലയിലെ ഗോപിച്ചെട്ടിപാളയത്തു നിന്ന് എം.എല്‍.എയായി. '96ലെ തെരഞ്ഞെടുപ്പില്‍ മാത്രമാണ് പരാജയപ്പെട്ടത്. ജയലളിത, എടപ്പാടി പളനിസാമി മന്ത്രിസഭകളില്‍ അംഗമായിരുന്നു.

അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കപ്പെട്ട വി.കെ. ശശികല, ഒ. പന്നീര്‍ശെല്‍വം, ടി.ടി.വി. ദിനകരന്‍ തുടങ്ങിയ നേതാക്കളുമൊന്നിച്ച് ശെങ്കോട്ടയന്‍ രാമനാഥപുരത്ത് തേവര്‍ ഗുരുപൂജ ചടങ്ങില്‍ പങ്കെടുത്തത് വിവാദമായിരുന്നു. തുടര്‍ന്നാണ് ഒക്ടോബര്‍ 31ന് ശെങ്കോട്ടയനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

Tags:    

Similar News