ഉദയനിധിയുടെ സ്ഥാനാരോഹണം കുടുംബ രാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണം; ഉപമുഖ്യമന്ത്രിയാകാന്‍ വേണ്ട പക്വത സ്റ്റാലിന് ഇല്ലെന്ന വിമര്‍ശനവുമായി ബി.ജെ.പി

ഉപമുഖ്യമന്ത്രിയാകാന്‍ വേണ്ട പക്വത സ്റ്റാലിന് ഇല്ലെന്ന വിമര്‍ശനവുമായി ബി.ജെ.പി

Update: 2024-09-29 08:44 GMT

ചെന്നൈ: തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രിയാകാനുള്ള പക്വത ഉദയനിധി സ്റ്റാലിന് ഇല്ലെന്ന വിമര്‍ശനവുമായി ബി.ജെ.പി നേതൃത്വം. ശനിയാഴ്ചയാണ് ഉദയനിധി സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. കുടുംബരാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് ഉദയനിധിയുടെ സ്ഥാനാരോഹണമെന്നും ബി.ജെ.പി. ആരോപിച്ചു.

മന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും നിയമിക്കുക എന്നത് മുഖ്യമന്ത്രിയുടെ സവിശേഷാധികാരമാണ്. അതിനെ ഞങ്ങള്‍ തള്ളിക്കളയുന്നില്ല. അദ്ദേഹത്തിന് എല്ലാ അധികാരവുമുണ്ട്. എന്നാല്‍, ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിയാകാനോ മന്ത്രിയാകാനോ ആവശ്യമായ പക്വത ഇല്ല, ബി.ജെ.പി. തമിഴ്നാട് ഉപാധ്യക്ഷന്‍ നാരായണന്‍ തിരുപ്പതി പറഞ്ഞു.

സനാതന ധര്‍മത്തെ ഇല്ലാതാക്കുമെന്ന് പറയുകയും അതിന് മാപ്പുപറയാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍ കഴിമെന്നും അദ്ദേഹം ചോദിച്ചു. 417 ദിവസം ജയിലില്‍ കഴിഞ്ഞ സെന്തില്‍ ബാലാജി സംസ്ഥാന സര്‍ക്കാരില്‍ മന്ത്രിയാകുന്നത് തമിഴ്നാടിന് അപമാനമാണെന്നും നാരായണന്‍ തിരുപ്പതി കൂട്ടിച്ചേര്‍ത്തു.


ഡിഎംകെ ഭരണത്തിലെത്തി ഒന്നര വര്‍ഷം പൂര്‍ത്തിയായതിനു പിന്നാലെ മന്ത്രിസഭയിലെത്തിയപ്പോള്‍ തന്നെ ഉദയനിധി സ്റ്റാലിന്‍ 'അദൃശ്യമായ' ഉപമുഖ്യമന്ത്രി കസേരയിലാണ് ഇരുന്നത്. മൂന്നുവര്‍ഷം പിന്നിട്ട ഡിഎംകെ സര്‍ക്കാര്‍ ഇപ്പോള്‍ അത് ഔദ്യോഗികമാക്കിയെന്നു മാത്രം. തിരക്കിട്ടു മകനെ 'വലിയ കസേര'കളില്‍ ഇരുത്തിയാല്‍ അതു പാര്‍ട്ടിയുടെയും തന്റെയും പ്രതിച്ഛായയ്ക്ക് ഇടിവുണ്ടാക്കുമെന്ന ആശങ്കയാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ആദ്യം പിന്നോട്ടു വലിച്ചത്.

എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു വന്ന പിന്തുണയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉദയനിധി കരുത്തായതും കണക്കിലെടുത്താണ് ഈ തീരുമാനം. നഗരത്തിനുള്ളിലെ ചെപ്പോക്ക് മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ ഉദയനിധി 2022 ഡിസംബറിലാണു മന്ത്രിയായത്. ഉദയനിധിയെ മുന്‍പന്തിയിലേക്കു കൊണ്ടുവരുന്നതുവഴി, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യവും ഡിഎംകെയ്ക്കുണ്ട്. അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഉദയനിധിയുടെ പുതിയ സ്ഥാനമെന്നു ഡിഎംകെ നേതാക്കള്‍ വിലയിരുത്തുന്നു.

അര്‍ഹമായ സ്ഥാനം ലഭിക്കുമെന്നതിനാല്‍ ഉദയനിധിയുടെ വരവിനെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും എതിര്‍ക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും മിന്നുന്ന വിജയം നേടിയ ഡിഎംകെ, ഉദയനിധിയെ ഉപമുഖ്യമന്ത്രി സ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിനെതിരെ ദുര്‍ബല അവസ്ഥയിലുള്ള പ്രതിപക്ഷ പാര്‍ട്ടികളും കാര്യമായി പ്രതികരിക്കില്ല. രാഷ്ട്രീയത്തില്‍ തെളിമയുള്ള മുഖമായി മാറാന്‍ എം.കെ.സ്റ്റാലിന് 50 - 60 വയസ്സുവരെ കാത്തിരിക്കേണ്ടി വന്ന അവസ്ഥ ഉദയനിധിക്ക് ഉണ്ടാകരുതെന്ന കുടുംബത്തിന്റെ നിര്‍ബന്ധം കൂടി ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിലുണ്ടെന്നാണു വിവരം. നിലവില്‍ 46 വയസ്സുള്ള ഉദയനിധി തിരക്കുള്ള ചലച്ചിത്ര നിര്‍മാതാവും നടനുമാണ്.

Tags:    

Similar News