ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി; സെന്തില്‍ ബാലാജി വീണ്ടും മന്ത്രിയാകും; മൂന്നുപുതിയ മന്ത്രിമാര്‍; തമിഴ്‌നാട് മന്ത്രിസഭാ പുന: സംഘടനാ നിര്‍ദ്ദേശങ്ങള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം; സത്യപ്രതിജ്ഞ ഞായറാഴ്ച

ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി

Update: 2024-09-28 17:06 GMT

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിനെ നിയമിക്കുന്നതടക്കം മന്ത്രിസഭാ പുന: സംഘടനാ നിര്‍ദ്ദേശങ്ങള്‍ക്ക് ഗവര്‍ണര്‍ ആര്‍ എന്‍ രവി അംഗീകാരം നല്‍കി. സത്യപ്രതിജ്ഞാ ചടങ്ങ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് രാജ്ഭവനില്‍ നടക്കും.

കള്ളപ്പണ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ വി സെന്തില്‍ ബാലാജിയും മന്ത്രിയാകും. ജോലിക്ക് കോഴ കേസില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്ന ബാലാജിയെ മറ്റുമൂന്നു പുതിയ മന്ത്രിമാര്‍ക്കൊപ്പമാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക. ഡോ. ഗോവി ചെഴിയാന്‍, ആര്‍ രാജേന്ദ്രന്‍, എസ് എം നാസര്‍ എന്നിവരാണ് പുതിയ മന്ത്രിമാര്‍.

ക്ഷീരവികസന വകുപ്പ് കൈയാളുന്ന മനോ തങ്കരാജ് അടക്കം മൂന്നുമന്ത്രിമാരെ ഒഴിവാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനായ ഉദയനിധി സ്റ്റാലിന്‍ നിലവില്‍ യുവജനക്ഷേമ-കായിക വികസന മന്ത്രിയാണ്്. ആസൂത്രണം, വികസനം വകുപ്പുകള്‍ കൂടി ഉദയനിധിക്ക് കിട്ടും.

മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് നേരത്തെ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. 2021 മെയിലാണ് ഉദയനിധി സ്റ്റാലിന്‍ ആദ്യമായി എംഎല്‍എ ആയത്. 2022 ഡിസംബറില്‍ സ്റ്റാലിന്‍ മന്ത്രിസഭയിലെത്തി.

ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായില്ല. ചലച്ചിത്രതാരം കൂടിയാണ് ഉദയനിധി സ്റ്റാലിന്‍. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്. സ്റ്റാലിന്റെ പാത തന്നെ ഉദയനിധിയും പിന്തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഡിഎംകെയുടെ യുവജന വിഭാഗം നേതാവായ ഉദയനിധി ചെപ്പോക്ക് -തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. 2022 ഡിസംബറിലാണ് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Tags:    

Similar News