ഞങ്ങൾ ബിസിനസ് കാര്യങ്ങളിൽ നല്ലതുപോലെ ജാഗ്രതയുള്ളവരാണ്; ഇന്ത്യയില്‍ ഫാക്ടറി തുടങ്ങാന്‍ ടെസ്ലയെ അനുവദിക്കും; ചൈനീസ് കാര്‍ കമ്പനിക്ക് അനുമതി നൽകില്ല; നിലപാട് വ്യക്തമാക്കി പീയൂഷ് ഗോയല്‍
മുംബൈ: ചൈനയിലെ പ്രമുഖ കാർ ബ്രാൻഡായ ബിവൈഡിയ്‌ക്ക് ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങുന്നതിനുള്ള ഫാക്ടറി സ്ഥാപിക്കാന്‍ അനുമതി നല്‍കാതെ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഇന്ത്യയില്‍ ബിവൈഡിയുടെ ഏറ്റവും വലിയ എതിരാളിയായ ഇലോണ്‍ മസ്കിന്റെ ടെസ്ല കാറില്‍ നിന്നും ഇന്ത്യയില്‍ ഫാക്ടറി തുടങ്ങാനുള്ള നിക്ഷേപം പ്രതീക്ഷിക്കുകയാണെന്നും പീയൂഷ് ഗോയല്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ച് മുന്നോട്ട് പോകാമെന്ന് അവര്‍ സമ്മതിച്ചാല്‍ മാത്രമാണ് ബിവൈഡിയെ പരിഗണിക്കാന്‍ കഴിയൂ. ഇന്ത്യയില്‍ ന്യായമല്ലാത്ത ബിസിനസ് രീതികള്‍ ചൈനീസ് കമ്പനികള്‍ പിന്തുടരുന്നുണ്ടെന്നും പീയൂഷ് ഗോയല്‍ കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രിയുടെ വാക്കുകൾ...
'ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബിസിനസില്‍ തന്ത്രപരമായ താല്‍പര്യങ്ങളെക്കുറിച്ച് നല്ലതുപോലെ നമ്മള്‍ ജാഗ്രതയുള്ളവരായിരിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ആര്‍ക്കൊക്കെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അനുവദിക്കേണ്ടത് എന്നതിനെക്കുറിച്ച് തീരുമാനം എടുക്കാന്‍ സാധിക്കൂ. എന്തായാലും ഇപ്പോഴത്തേക്ക് ബിവൈഡിയ്‌ക്ക് അനുമതിയില്ല.'പീയൂഷ് ഗോയല്‍ വ്യക്തമാക്കി.