അമിത് ഷാ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല; രാഹുല്‍ ഗാന്ധി വിളിച്ചപ്പോള്‍ സംസാരിച്ചു; ടിവികെയുടെ മുതിര്‍ന്ന നേതാക്കളുമായി അമിത്ഷായുടെ ഓഫീസ് ബന്ധപ്പെട്ടിട്ടും വിസമ്മതിച്ച് വിജയ്; മുഖ്യ എതിരാളിയായി ഇപ്പോഴും കണക്കാക്കുന്നത് ബിജെപിയെ; ടിവികെ സംസ്ഥാന പര്യടനം അടുത്ത രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു

അമിത് ഷാ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല

Update: 2025-10-01 10:34 GMT

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടനും ടി വി കെ നേതാവുമായി വിജയ് യെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയ് വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. ആക്ടര്‍ വിജയ് ടീം എക്‌സില്‍ അറിയിച്ചതാണിത്. കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് അമിത് ഷാ വിജയിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെന്നും എന്നാല്‍ സംസാരിക്കാന്‍ താല്പര്യമില്ലെന്ന് വിജയ് അറിയിച്ചെന്നുമാണ് വിവരം.

വിജയിയുടെ പിതാവ് ചന്ദ്രശേഖരന്‍ വഴിയും സിനിമാരംഗത്തെ ചിലര്‍ വഴിയുമാണ് അമിത് ഷായുടെ ഓഫീസ് ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നാണ് സൂചന. ടിവികെ (തമിഴക വെട്രി കഴകം)യുടെ മുതിര്‍ന്ന നേതാക്കളുമായും ബന്ധപ്പെട്ടിരുന്നതായി അറിയുന്നു. അതേസമയം, കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുമായി വിജയ് നേരിട്ടു സംസാരിച്ചു. ബിജെപിയെ ആശയപരമായി എതിരാളിയായാണ് വിജയ് കണക്കാക്കുന്നതെന്നും ആക്ടര്‍ വിജയ് ടീം എക്‌സില്‍ കുറിച്ചു.


അതിനിടെ, വിജയ് നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന പര്യടനം അടുത്ത രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചതായും ടിവികെ സെക്രട്ടറിയേറ്റ് അറിയിച്ചു. തല്‍ക്കാലത്തേക്കാണ് പരിപാടികള്‍ മാറ്റിവെച്ചിരിക്കുന്നതെന്നും അടുത്ത പൊതുയോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, കരൂരിലെ പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചത് ഏറെ ശ്രദ്ധേയമായി. പരിപാടിയുടെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് ടിവികെ ജോയിന്റ് സെക്രട്ടറി നിര്‍മല്‍ കുമാറിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ അര്‍ജുന്‍ ആദവയുടെ വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് കൈമാറിയത്.

Tags:    

Similar News