മോദി സാരിയുടുത്ത മോര്‍ഫ് ചെയ്ത ചിത്രം പങ്കുവെച്ചു; പിന്നാലെ എട്ടിന്റെ പണി; ബിജെപി പ്രവര്‍ത്തകര്‍ ചേർന്ന് കോണ്‍ഗ്രസ് നേതാവിനെ സാരിയുടുപ്പിച്ചു; വൈറലായി വീഡിയോ
കല്യാൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാരിയുടുത്ത തരത്തിൽ മോർഫ് ചെയ്ത ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കോൺഗ്രസ് നേതാവിനെ സാരിയുടുപ്പിച്ച് ബിജെപി പ്രവർത്തകർ. മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിലാണ് സംഭവം നടന്നത്. പ്രധാനമന്ത്രിയെ അപമാനിച്ചതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ കോൺഗ്രസ് നേതാവ് പ്രകാശ് 'മാമ' പഗാരെയെ പരസ്യമായി സാരിയുടുപ്പിക്കുകയായിരുന്നു.
പ്രകാശ് പഗാരെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം, പ്രശസ്തമായ മറാത്തി ഗാനത്തിന്റെ പശ്ചാത്തലത്തിൽ സാരിയുടുത്ത മോദിയുടെ എഡിറ്റ് ചെയ്ത ദൃശ്യമായിരുന്നു. 'പെൺകുട്ടികളേ ക്ഷമിക്കണം, എനിക്കും ട്രെൻഡിൽ തുടരണം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഡോംബിവ്‌ലിയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് ഭാരവാഹിയായ പഗാരെ നേരത്തെയും വിവാദങ്ങളിൽ ഇടം നേടിയിട്ടുണ്ട്.
പഗാരെ പ്രധാനമന്ത്രിയെ അപമാനിച്ചുവെന്ന് ആരോപിച്ച് ബിജെപിയുടെ കല്യാൺ ജില്ലാ ഘടകം ശക്തമായി രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി, ബിജെപി പ്രവർത്തകർ പഗാരെയെ വിളിച്ചുവരുത്തി നിർബന്ധിച്ച് സാരി ഉടുപ്പിക്കുകയായിരുന്നു. ബിജെപി കല്യാൺ ജില്ലാ പ്രസിഡന്റ് നന്ദു പരബ് പ്രതിഷേധത്തിന് നേതൃത്വം നൽകി.