കേവല ഭൂരിപക്ഷം കടക്കാന്‍ രണ്ടില്‍ ഒരുസഖ്യകക്ഷിയുടെ പിന്തുണ മതിയെന്ന് വന്നതോടെ ഷിന്‍ഡെയുടെ വിലപേശല്‍ ശേഷി കുറഞ്ഞു; അജിത് പവാറിന് കൂറ് ഫട്‌നാവിസിനോട്; മഹാരാഷ്ട്രയില്‍ ആരാകും പുതിയ മുഖ്യമന്ത്രി എന്ന തീരുമാനം നീളുന്നെങ്കിലും തര്‍ക്കമില്ലാതെ തീരും; രണ്ടുവര്‍ഷമായി ബിജെപി അണികള്‍ മോഹിക്കുന്നത് യാഥാര്‍ഥ്യമാക്കാന്‍ മോദിയും അമിത്ഷായും

ആരാകും മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രി?

Update: 2024-11-26 17:51 GMT

മുംബൈ: ആരാകും മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രി? തീരുമാനത്തിന് സമയം എടുക്കുന്നുവെങ്കിലും തര്‍ക്കമില്ലാതെ തീരുമെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകരുടെ വികാരങ്ങള്‍ കൂടി കണക്കിലെടുത്താകും തീരുമാനം എന്നുപറയുമ്പോള്‍, ആരാണ് മുഖ്യമന്ത്രിയാവുക എന്നത് വ്യക്തമാകുന്നു.

14 ാം നിയമസഭയുടെ കാലാവധി കഴിഞ്ഞതോടെ, സസ്‌പെന്‍സ് ബാക്കി വച്ച് നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ രാജിവച്ചു. ഇതോടെ, തങ്ങള്‍ കാക്കുന്ന തീരുമാനം ആഘോഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറെടുക്കുകയാണ്. 2022 മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മോഹിക്കുന്നതാണ് ദേവേന്ദ്ര ഫട്‌നാവിസിന്റെ മുഖ്യമന്ത്രി പദം. കഴിഞ്ഞ തവണ ബിജെപി-ശിവസേന സഖ്യരൂപീകരണത്തിന് സമ്മാനമായി ഏക്‌നാഥ് ഷിന്‍ഡെക്ക് ബിജെപി കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയുടെ പദവി നല്‍കുകയായിരുന്നു.

ഇക്കുറി നിയമസഭയില്‍ ബിജെപിക്ക് അംഗങ്ങളുടെ എണ്ണം ഏറിയതോടെ, ആവശ്യത്തിന്റെ ശക്തിയും അളവും കൂടിയിരിക്കുകയാണ്. എന്നാല്‍, ശിവസേന വെറുതെയിരിക്കുന്നില്ല. ഷിന്‍ഡെയ്ക്ക് വേണ്ടി അവര്‍ ശക്തിയുക്തം വാദിക്കുന്നു. തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായ ബിഹാര്‍ മോഡല്‍ മഹാരാഷ്ട്രയിലും എന്തുകൊണ്ട് ആവര്‍ത്തിച്ചുകൂടാ എന്നതാണ് ചോദ്യം. മുഖ്യമന്ത്രി പദം ഫഡ്‌നവിസിന് കൊടുക്കുന്നതിനോട് അജിത് പവാറിനും യോജിപ്പാണ്.

ബിജെപിക്ക് 132 എം എല്‍ എമാരും, ശിവസേനയ്ക്ക് 57 ഉം, എന്‍സിപിക്ക് 41 ഉം എം എല്‍ എമാരുണ്ട്. 288 അംഗ സഭയില്‍ 145 എന്ന ഭൂരിപക്ഷ സംഖ്യ കടക്കാന്‍ ബിജെപിക്ക് രണ്ടുസഖ്യകക്ഷികളില്‍ ഒരാളുടെ പിന്തുണ മതിയാവും. അതുകൊണ്ട് തന്നെ ഷിന്‍ഡെയ്ക്ക് വലിയ തോതില്‍ വിലപേശലിന് കളമില്ല. നരേന്ദ്രമോദിയും അമിത് ഷായും എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ശിന്‍ഡെ വിഭാഗം നേതാവ് ദീപക് കേസര്‍ക്കര്‍ പറഞ്ഞു. തനിക്ക് പിന്തുണയുമായി ഔദ്യോഗിക വസതിക്ക് മുന്നില്‍ തടിച്ച് കൂടേണ്ടെന്ന് പ്രവര്‍ത്തകരോട് ഷിന്‍ഡെ തന്നെ ആവശ്യപ്പെട്ടു.

ഏക്‌നാഥ് ഷിന്‍ഡെയെ ചേര്‍ത്തുനിര്‍ത്തിയുള്ള ഫോര്‍മുലയ്ക്കായാണു തീരുമാനം നീളുന്നത്. ഏക്‌നാഥ് ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായേക്കും. മുഖ്യമന്ത്രിപദത്തിനായും സാധ്യമായില്ലെങ്കില്‍ പ്രധാന വകുപ്പുകള്‍ക്കായും ഷിന്‍ഡെ സമ്മര്‍ദം തുടരുകയാണ്.

ബിജെപിക്ക് 21 മന്ത്രിമാര്‍ തന്നെയുണ്ടാവും. 12 മന്ത്രി സ്ഥാനം ശിന്‍ഡെ വിഭാഗത്തിനും 10 എണ്ണം എന്‍സിപിക്കും കിട്ടുമെന്നാണ് വിവരം.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്കുള്ള നിരീക്ഷകരെ രണ്ടുദിവസത്തിനകം നിശ്ചയിക്കും. ബിജെപിക്ക് കിട്ടിയ വമ്പിച്ച ജനപിന്തുണ കണക്കിലെടുത്ത് മുതിര്‍ന്ന മന്ത്രിമാരെയും നേതാക്കളെയും നിരീക്ഷകരായി നിയോഗിച്ച് വലിയ രാഷ്ട്രീയ സന്ദേശം നല്‍കാനാണ് നീക്കം. അതിനുശേഷം മുംബൈയില്‍ ബിജെപി നിയമസഭാ കക്ഷിയോഗം നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന് എംഎല്‍എമാരുമായി ആലോചിച്ച് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് യോഗത്തിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകും.


Tags:    

Similar News