രാഹുലും ഖാര്‍ഗെയും പുറത്ത്; രാഷ്ട്രപതിഭവനില്‍ പുടിന് നല്‍കിയ വിരുന്നില്‍ തരൂരിന് മാത്രം ക്ഷണം; കോണ്‍ഗ്രസ് വിടുമോ എന്ന ചോദ്യത്തിന് അളന്നുതൂക്കിയ മറുപടി; മോദി സ്തുതികളുമായി കോണ്‍ഗ്രസിനെ വെട്ടിലാക്കിയ തരൂര്‍ സര്‍ക്കാരുമായി സഹകരിക്കുന്നതിലെ രാഷ്ട്രീയം എന്‍ഡി ടിവിയോട് വിശദീകരിച്ചപ്പോള്‍
തരൂര്‍ കോണ്‍ഗ്രസ് വിടുമോ?
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനോട് ഇടഞ്ഞ് നില്‍ക്കുന്ന ശശി തരൂര്‍ എംപി പാര്‍ട്ടി വിടുമോ എന്ന ചോദ്യം ഏറെ നാളായി ഉയര്‍ന്നുകേള്‍ക്കുന്നതാണ്. ഇടയ്ക്കിടെയുള്ള മോദി സ്തുതികളും ഈ ചോദ്യത്തിന് ബലം കൂട്ടുന്നു. എന്‍ഡി ടിവി സിഇഒയും എഡിറ്റര്‍ ഇന്‍ ചീഫുമായ രാഹുല്‍ കന്‍വാളിന് നല്‍കിയ അഭിമുഖത്തിലും സ്വാഭാവികമായി ആ ചോദ്യം ഉയര്‍ന്നു.
തരൂര്‍ കോണ്‍ഗ്രസ് വിടുമോ?
'കോണ്‍ഗ്രസ് വിടുമോ' എന്ന ചോദ്യത്തിന് തരൂര്‍ നല്‍കിയ മറുപടി അളന്നുതൂക്കിയായിരുന്നു:
'ഇതെന്തിനാണ് ചോദിക്കുന്നതെന്ന് എനിക്കറിയില്ല. ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.പിയാണ്. വലിയ പ്രയാസങ്ങള്‍ സഹിച്ചാണ് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. മറ്റൊന്നാകാന്‍ (മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍) വലിയ ആലോചനകളും മറ്റ് പല പരിഗണനകളും വേണ്ടി വരും.'
തന്റെ വോട്ടര്‍മാര്‍ക്ക് വേണ്ടി തനിക്ക് ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും, അത് നിറവേറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. 'ഇന്നും അത്താഴത്തിന് ഇരിക്കുന്നതിന് മുമ്പ് നടന്ന ചില സംഭാഷണങ്ങളില്‍ ഞാന്‍ എന്റെ മണ്ഡലത്തിനുവേണ്ടിയുള്ള ചില കാര്യങ്ങള്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. അത് ജനങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച രാത്രി രാഷ്ട്രപതിഭവനില്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് നല്‍കിയ വിരുന്നില്‍ പാര്‍ലമെന്റിലെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ തരൂര്‍ പങ്കെടുത്തിരുന്നു.
:
പുടിന്‍ പങ്കെടുത്ത വിരുന്നില്‍ തരൂരിന് മാത്രം ക്ഷണം
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പങ്കെടുത്ത രാഷ്ട്രപതി ഭവനിലെ സംസ്ഥാന അത്താഴവിരുന്നിലേക്ക് ക്ഷണിക്കപ്പെട്ട ഏക പ്രതിപക്ഷ നേതാവായിരുന്നു തരൂര്‍. രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും ക്ഷണമില്ലാതിരുന്ന വിരുന്നില്‍ പങ്കെടുത്തതിനെക്കുറിച്ച് തരൂര്‍ എന്‍ഡിടിവിയോട് വിശദീകരിച്ചു:
വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങളാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കൈകാര്യം ചെയ്യുന്നത്. അത്തരം സംഭാഷണങ്ങളെക്കുറിച്ചും, അവിടത്തെ അന്തരീക്ഷത്തെക്കുറിച്ചും ഒരു ഉള്‍ക്കാഴ്ച ലഭിക്കുന്നത് സഹായകമാണ്. താന്‍ കുറച്ച് നാളുകള്‍ക്ക് ശേഷമാണ് രാഷ്ട്രപതി ഭവനില്‍ എത്തുന്നത്. 'ഇത്തവണ അവര്‍ മറ്റ് ശബ്ദങ്ങള്‍ക്കുകൂടി ഇടം നല്‍കാന്‍ തീരുമാനിച്ചുവെന്ന് തോന്നുന്നു. ആ കാരണത്താലാണ് ഞാന്‍ ഇവിടെ വന്നത്. കൂടുതലുമില്ല, കുറവുമില്ല,' തരൂര്‍ വ്യക്തമാക്കി.
സര്‍ക്കാരുമായി സഹകരിക്കുന്നതിലെ രാഷ്ട്രീയം
സര്‍ക്കാരുമായി സഹകരിക്കുന്നതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളെയും തരൂര്‍ തള്ളിക്കളഞ്ഞു. തന്റെ തത്വങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് പൊതുവായ ഒരു നിലപാട് കണ്ടെത്തുകയാണ് ജനാധിപത്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ചെയ്യേണ്ടത്.
'നിങ്ങള്‍ നിങ്ങളുടെ ബോധ്യങ്ങളെയും തത്വങ്ങളെയും ഉപേക്ഷിക്കരുത്. പക്ഷേ പൊതുവായ ഒരു നിലപാട് കണ്ടെത്തണം. ജനാധിപത്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള സഹകരണത്തിന്റെ ഒരു ഭാഗം അതാണ്. ചില കാര്യങ്ങളില്‍ നമ്മള്‍ വിയോജിക്കുന്നു, ചിലതില്‍ യോജിക്കുന്നു. യോജിക്കുന്നിടത്ത് നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം,' അദ്ദേഹം പറഞ്ഞു.
'ഓപ്പറേഷന്‍ സിന്ദൂര്‍' പോലുള്ള ദേശീയ കാര്യങ്ങളില്‍ സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തില്‍ തരൂര്‍ അംഗമായപ്പോഴും കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തരൂര്‍ പാര്‍ട്ടി വിടുമോ എന്ന ചോദ്യം ഉയര്‍ന്നത്.
