ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിലെ പ്രസംഗത്തിനിടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാടിന് വേണ്ടി സമഗ്രമായ പുനഃരധിവാസ പാക്കേജും നഷ്ടപരിഹാരവും നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

'വയനാട്ടില്‍ ഒരു ദുരന്തം ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് സംസാരിക്കാനോ പ്രസ്താവന നടത്താനോ ഭരണപക്ഷം അനുവദിക്കുന്നില്ല. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. അവിടെയുള്ളവര്‍ക്ക് വേണ്ടി സമഗ്രമായ പുനഃരധിവാസ പാക്കേജും നഷ്ടപരിഹാരവും നല്‍കണം.

'സഹോദരിക്കൊപ്പം ഏതാനും ദിവസം മുമ്പ് ഞാന്‍ വയനാട് സന്ദര്‍ശിച്ചിരുന്നു. വയനാട്ടിലുണ്ടായ ദുരന്തവും വേദനയും ഞാന്‍ നേരിട്ട് കണ്ടതാണ്. മരണസംഖ്യ 400 കടക്കുമെന്നാണ് കരുതുന്നത്. കേരളത്തിലെ എല്ലാ വിഭാഗക്കാരും വിവിധ ആശയങ്ങള്‍ പിന്തുടരുന്നവരും ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടുന്നുവെന്നത് വലിയ കാര്യമാണ്.

'പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനാവുന്ന കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ളത് ഉള്‍പ്പെടെയുള്ള സഹായം വേണം. വയനാട്ടിലെ അവസ്ഥ നേരിട്ട് കണ്ടതാണ്. മിക്ക കുടുംബങ്ങളിലും ഒന്നോ രണ്ടോ ആളുകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. വയനാടിന്റെ പുനരുദ്ധാരണത്തിനായി സഭയിലെ എല്ലാവരും സഹകരിക്കണം ' -രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു.

ജൂലൈ 31ന് ഉരുള്‍പൊട്ടല്‍ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയം കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നും വയനാടിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും രാഹുല്‍ അന്ന് വ്യക്തമാക്കിയിരുന്നു.

വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത്. ദുരന്തമേഖലയിലെ സൈന്യത്തിന്റെ സേവനം എടുത്തു പറയേണ്ടതാണ്. വയനാട്ടിലെ ജനങ്ങളെ പിന്തുണക്കേണ്ടതും അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കേണ്ടതും അനിവാര്യമാണ്. വെല്ലുവിളി നേരിടുന്ന ഈയവസരത്തില്‍ വയനാടിനൊപ്പം നില്‍ക്കണമെന്ന് സര്‍ക്കാറിനോട് രാഹുല്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

രണ്ടാം തവണയാണ് അവിടെ ദുരന്തം സംഭവിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പും സമാന ദുരന്തമുണ്ടായിരുന്നു. ആ മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നമുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. തീര്‍ച്ചയായും ഇതേകുറിച്ച് അന്വേഷണം ആവശ്യമാണ്. ദുരന്തം മറികടക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യകളുണ്ടെങ്കില്‍ അത് ലഭ്യമാക്കേണ്ടതാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.